Flash News

ഹജ്ജ് കരാര്‍ ഇന്ന് ഒപ്പുവയ്ക്കും; ഇന്ത്യന്‍ സംഘം ജിദ്ദയിലെത്തി

നിഷാദ് അമീന്‍

ജിദ്ദ: 2018ലെ ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കുന്നതിനു കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള എട്ടംഗ ഇന്ത്യന്‍ സംഘം ജിദ്ദയിലെത്തി. വ്യോമയാന മന്ത്രാലയ ജോയിന്റ് സെക്രട്ടറി എസ് കെ മിശ്ര, കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ ഡോ. മഖ്‌സൂദ് അഹ്മദ് ഖാന്‍, ഹജ്ജിന്റെ ചുമതല വഹിക്കുന്ന ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് സൗദി ഹജ്ജ് മന്ത്രാലയ ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവയ്ക്കും. കരാറിന്റെ വിശദാംശങ്ങള്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് കോണ്‍സുലേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി വിശദീകരിക്കും. കരാര്‍ ഒപ്പുവയ്ക്കുന്നതിനു മുന്നോടിയായി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ നേതൃത്വത്തിലുള്ള സംഘം ജിദ്ദ കോണ്‍സുലേറ്റില്‍ യോഗം ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്യുമെന്നും മൂന്നു പ്രത്യേക യോഗങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്നും ഡെപ്യൂട്ടി കോണ്‍സല്‍ ജനറലും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ഹജ്ജ് കരാറിന്റെ വിശദാംശങ്ങള്‍, ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഹാജിമാരുടെ യാത്ര-താമസ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് അവലോകനം ചെയ്യുക. ഹജ്ജ് ക്വാട്ട സംബന്ധിച്ച കാര്യങ്ങളില്‍ കരാറിനുശേഷം മാത്രമേ വ്യക്തത കൈവരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കരാറിന്റെ പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ് സൗദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുഫത്താഹ് സുലൈമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത് ഏഷ്യന്‍ മുഅസ്സസ മക്ക ചെയര്‍മാന്‍ ഡോ. റഫാത്ത് ബദ്ര്‍, സൗത്ത് ഏഷ്യന്‍ മുഅസ്സസ ഇലക്ട്രോണിക് വിഭാഗം തലവന്‍ എന്‍ജിനീയര്‍ ഫരീദ് മന്‍ദര്‍, മുഹമ്മദ് ഷാഹിദ് ആലം എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. സൗദിയെ പ്രതിനിധീകരിച്ച് ഹജ്ജ്മന്ത്രിയായിരിക്കും കരാറില്‍ ഒപ്പുവയ്ക്കുക. കേന്ദ്രമന്ത്രി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിനൊപ്പം അംബാസഡര്‍ അഹ്മദ് ജാവേദ്, മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, മുഹമ്മദ് ഷാഹിദ് ആലം, ജിദ്ദ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 13 അംഗസംഘം സൗദി ഹജ്ജ്് മന്ത്രാലയ ഓഫിസില്‍ എത്തിച്ചേരും. മക്കയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കാരണം 2013 മുതല്‍ വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ട കഴിഞ്ഞ വര്‍ഷം പുനസ്ഥാപിച്ചതിനാല്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് 170,000 പേര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവുമെന്നാണു പ്രതീക്ഷ. ഇതില്‍ 125,000 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമായിരിക്കും പുണ്യഭൂമിയിലെത്തുക.
Next Story

RELATED STORIES

Share it