ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ്; കരിപ്പൂരിനേക്കാള്‍ റണ്‍വേ നീളം കുറഞ്ഞ 7 സ്ഥലത്ത് അനുമതി

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസുകള്‍ക്ക് വിമാന കമ്പനികളില്‍ നിന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചത് കരിപ്പൂര്‍ വിമാനത്താവളത്തേക്കാള്‍ സൗകര്യവും റണ്‍വേ നീളവും കുറഞ്ഞ ഏഴ് വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തി. ടേബിള്‍ ടോപ്പ് റണ്‍വേയുള്ള മംഗലാപുരം, ലഖ്‌നോ, ബോപാല്‍, വാരണാസി, റാഞ്ചി, ഔറംഗാബാദ്, ഗയ വിമാനത്താവളത്തിലാണ് ഈ വര്‍ഷവും ഹജ്ജ് സര്‍വീസിന് ടെന്‍ഡര്‍ ക്ഷണിച്ചത്. ഇന്ത്യയില്‍ നിന്ന് 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ ഇന്‍ഡോര്‍ ഒഴിവാക്കി ശേഷിക്കുന്ന 20 സ്ഥലങ്ങളില്‍ നിന്നാണ് ഈ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തുന്നതിന് വിമാനക്കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത്. കേരളത്തില്‍ ഈ വര്‍ഷവും നെടുമ്പാശ്ശേരിയെയാണ് ഉള്‍പ്പെടുത്തിയത്. കരിപ്പൂരിനേക്കാള്‍ ചെറിയ ഏഴ് വിമാനത്താവളങ്ങളില്‍ നിന്നും ചെറിയവിമാനങ്ങളായ എ-310, 320 വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയപ്പോഴാണ് കരിപ്പൂരിന് മുടന്തന്‍ ന്യായം പറഞ്ഞ് അധികൃതര്‍ മാറ്റിനിര്‍ത്തിയത്. കരിപ്പൂരിന്റെ റണ്‍വേ 2,860 മീറ്ററാണ്. എന്നാല്‍ ഹജ്ജിന് അനുമതി നല്‍കിയ ലഖ്‌നോറണ്‍വേ(2,800), ഭോപാല്‍(2750), വാരണാസി(2,745), റാഞ്ചി(2,713), മംഗളൂരു (2,450), ഔറംഗാബാദ്(2,351), ഗയ(2,286) എന്നിവിടങ്ങളില്‍ നിന്നെല്ലാം സര്‍വീസിന് അനുമതി നല്‍കിയിട്ടുമുണ്ട്. മൂന്ന് വര്‍ഷം മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണത്തിനായി അടച്ചതിനെ തുടര്‍ന്നാണ് ഹജ്ജ് സര്‍വീസുകള്‍ കൊച്ചിയിലേക്ക് മാറ്റിയത്.
Next Story

RELATED STORIES

Share it