Flash News

ഹജ്ജ് : ആദ്യവിമാനം ആഗസ്ത് 13ന്



കരിപ്പൂര്‍/കൊണ്ടോട്ടി/മലപ്പുറം:  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുവേണ്ടി ഇത്തവണ സൗദി എയര്‍ലൈന്‍സ് എത്തിക്കുന്നത് 300 തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്ന വിമാനങ്ങള്‍. ഹജ്ജ് വിമാന സര്‍വീസുകള്‍ ആഗസ്ത് 13 മുതല്‍ 26 വരെയുള്ള തിയ്യതികളില്‍ നടക്കും. ദിനേന 300 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സര്‍വീസിന് എത്തിക്കുന്നത്. ഒരു ദിവസംതന്നെ ഒന്നിലേറെ സര്‍വീസുകളുണ്ടാവും. 39 വിമാനങ്ങള്‍ ഇതിനായി ക്രമീകരിക്കും. തീര്‍ത്ഥാടകരുടെ മാനിഫെസ്റ്റോ ഉള്‍പ്പെടുത്തിയതടക്കമുള്ള ഷെഡ്യൂള്‍ പിന്നീട് പ്രസിദ്ധീകരിക്കും. കേരളത്തില്‍ നിന്ന് 11,197 തീര്‍ത്ഥാടകരും ലക്ഷദ്വീപില്‍ നിന്ന് 298 പേരും മാഹിയില്‍ നിന്ന് 80 പേരും ഉള്‍െപ്പടെ 11,575 പേരാണ് യാത്രയാവുക. ഹജ്ജിന് പുറപ്പെടുന്ന സംഘങ്ങള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കാണ് പോവുക. ഇവിടെനിന്ന് വാഹനമാര്‍ഗം തീര്‍ത്ഥാടകരെ മക്കയിലെത്തിക്കും. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും തീര്‍ത്ഥാടകരുടെ മദീന സന്ദര്‍ശനം. ആയതിനാല്‍ തീര്‍ത്ഥാടകരുടെ മടക്കം മദീന വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. ഹജ്ജ് ക്യാംപ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അടുത്ത മാസം എട്ടിന് നെടുമ്പാശ്ശേരിയില്‍ യോഗം ചേരും.  അതേസമയം,  സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് വിമാനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരില്‍ നിന്ന് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. നിലവില്‍ കേരളത്തിലെ ഹജ്ജ് എംപാര്‍ക്കേഷന്‍ പോയിന്റുകളുടെ സ്ഥിതി കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  വിമാനങ്ങളുടെ സമയക്രമം നേരത്തേ വേണ്ടിവന്നതിനാല്‍ ഇത്തവണ നെടുമ്പാശ്ശേരിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, അടുത്ത വര്‍ഷം കരിപ്പൂരില്‍നിന്ന് അനുമതി നല്‍കാമെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ നഖ്‌വി ഉറപ്പ് നല്‍കിയതായി ചെയര്‍മാന്‍ പറഞ്ഞു.    അതേസമയം, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ബാക്കി തുക ജൂണ്‍ 19നകം അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടണം.
Next Story

RELATED STORIES

Share it