Flash News

ഹജ്ജിന് കപ്പല്‍ സര്‍വീസ് ; കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവില്ല

എം എം  സലാം

ആലപ്പുഴ: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമായിരുന്നു ഹജ്ജ് കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുമെന്നത്. അത് ഈ വര്‍ഷമുണ്ടാവില്ല. ഇത്തവണത്തെ ഹജ്ജിന് മൂന്നുമാസം മാത്രം ശേഷിക്കെ മുംബൈ-ജിദ്ദ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച പ്രാഥമിക പഠനങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായത്. ഉള്ള സബ്‌സിഡി എടുത്തുകളഞ്ഞു. ഹജ്ജിനായി പ്രത്യേക സൗകര്യങ്ങള്‍ ഒന്നും ഒരുക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തവണത്തെ ഹജ്ജ് യാത്ര ചെലവേറിയതാവുമെന്ന ആശങ്കയാണ് രാജ്യത്തെ ലക്ഷക്കണക്കിന് ഹാജിമാര്‍ക്കുള്ളത്.
2018 ജനുവരി 15നായിരുന്നു 1954 മുതല്‍ ഹാജിമാര്‍ക്കു നല്‍കിവന്ന സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ടായത്. 2022 ഓടെ ഘട്ടംഘട്ടമായി സബ്‌സിഡി നിര്‍ത്തലാക്കണമെന്ന 2012ലെ സുപ്രിംകോടതി വിധിയുടെ മറവിലാണ് ഒറ്റയടിക്കു തന്നെ സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രം ഉത്തരവിട്ടത്. തീരുമാനത്തിനെതിരേ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിഷേധമുണ്ടായപ്പോള്‍ 2018 മുതല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന് കുറഞ്ഞ ചെലവില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രസ്താവനയിറക്കി. രണ്ടുപതിറ്റാണ്ടു മുമ്പു നിര്‍ത്തിവച്ച മുംബൈ-ജിദ്ദ കപ്പല്‍ സര്‍വീസ് ഈ വര്‍ഷത്തോടെ പുനരാരംഭിക്കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ ഹജ്ജ് നയത്തിലുണ്ടായിരുന്നത്. 2018 മുതല്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി 15 അത്യാധുനിക കപ്പലുകള്‍ ഒരുക്കും. എല്ലാവിധ സൗകര്യങ്ങളുമുള്ള ലോകനിലവാരത്തിലുള്ള കപ്പലുകളായിരിക്കും ഇവയെന്നും ഓരോ ട്രിപ്പിലും 5,000ഓളം തീര്‍ത്ഥാടകര്‍ക്കു യാത്രചെയ്യാന്‍ സാധിക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി അറിയിച്ചത്.
1995 വരെ പ്രാബല്യത്തിലുണ്ടായിരുന്ന ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ ഹജ്ജ് കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന പ്രസ്താവന ഹാജിമാര്‍ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്. ഹജ്ജ് കര്‍മം അനുഷ്ഠിക്കാന്‍ ജിദ്ദയിലേക്ക് കപ്പല്‍മാര്‍ഗം യാത്ര ചെയ്തതിന്റെ അനുഭവങ്ങള്‍ പേറുന്ന ധാരാളം ഇന്ത്യക്കാരും മലയാളികളും ഇന്നും ജീവിച്ചിരിപ്പുണ്ട്. ഇന്ത്യയില്‍ നിന്ന് ഹജ്ജ് യാത്ര ആരംഭിച്ച നാള്‍ മുതല്‍ തന്നെ കൂടുതല്‍ ഹാജിമാരും ആശ്രയിച്ചത്  കപ്പല്‍സര്‍വീസുകളെയായിരുന്നു. 1995 വരെ മുംബൈയില്‍ നിന്നു കപ്പല്‍മാര്‍ഗം ജിദ്ദയിലേക്ക് ഹജ്ജ് സര്‍വീസ് ഉണ്ടായിരുന്നു. എം വി അക്ബരി എന്ന കപ്പലായിരുന്നു അവസാന നാളുകളില്‍ സര്‍വീസ് നടത്തിയിരുന്നത്. ഈ കപ്പല്‍ പിന്നീട് ഡീകമ്മീഷന്‍ ചെയ്തു. അതോടെ കടല്‍ വഴിയുള്ള ഹജ്ജ് യാത്ര അവസാനിച്ചു. മുംബൈയിലെ മസഗോണ്‍ ഡോകില്‍ നിന്നും ജിദ്ദയിലേക്ക് ഏഴു ദിവസമായിരുന്നു അന്നു യാത്രയ്ക്കു വേണ്ടിയിരുന്നത്.
മുംബൈ-ജിദ്ദ കപ്പല്‍ സര്‍വീസില്‍ 2300 നോട്ടിക്കല്‍ മൈല്‍ ദൂരമാണുണ്ടാവുക. ഒരു നോട്ടിക്കല്‍ മൈല്‍ 1.8 കിലോമീറ്റര്‍ ദൂരമാണ്. അന്ന് ഏഴുദിവസമെടുത്തിരുന്ന കപ്പല്‍യാത്ര ഇന്നത്തെ സാഹചര്യത്തില്‍ മൂന്നുദിവസംകൊണ്ട് പൂര്‍ത്തീകരിക്കാനാവും. വിമാനമാര്‍ഗമാണെങ്കില്‍ ഓരോ ഹാജിക്കും രണ്ടുലക്ഷം രൂപ വരെ ചെലവാകും. കപ്പല്‍ മാര്‍ഗം 60,000 രൂപ മാത്രമേ ചെലവു വരുകയുളളൂ.
കടല്‍മാര്‍ഗമുള്ള ഹജ്ജ് തീര്‍ത്ഥാടനത്തെക്കുറിച്ച് ഉന്നതതല സമിതി വിശദമായി പഠിച്ചതായും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞതായും ഹജ്ജ് സബ്്‌സിഡി നിര്‍ത്തലാക്കിയ വേളയില്‍ മന്ത്രി നഖ്‌വി അറിയിച്ചിരുന്നു. സൗദി അറേബ്യ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും വിവിധ മുസ്‌ലിം സംഘടനകളുമായി കടല്‍മാര്‍ഗമുള്ള ഹജ്ജിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. അതിനുശേഷം മൂന്നുമാസം പിന്നിട്ടു. കപ്പല്‍വഴിയുള്ള ഹജ്ജ് സംബന്ധിച്ച അറിയിപ്പുകളൊന്നും കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കു ലഭിച്ചിട്ടില്ല. 10,981 മലയാളികളടക്കം 1,75,000 പേരാണ് ഇത്തവണ രാജ്യത്തു നിന്ന് ഹജ്ജിന് പുറപ്പെടുന്നത്.
Next Story

RELATED STORIES

Share it