Kottayam Local

സൗഹാര്‍ദത്തിന്റെ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് വെച്ചൂര്‍ ജുമാമസ്ജിദ്

വൈക്കം: നിര്‍വചിക്കാനാവാത്ത വൈകാരിക നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച വെച്ചൂര്‍ ജുമാ മസ്ജിദ് സാക്ഷിയായത്. സന്തോഷവും അഭിമാനവും അതിലേറെ നാളെയെപറ്റി ഒത്തിരി പ്രതീക്ഷകളും നല്‍കിയ നിമിഷങ്ങളായിരുന്നു അത്. ഏറെ നേരം നീണ്ടുനില്‍ക്കാറുള്ള ജുമാ നമസ്‌കാരത്തിനു മുന്നോടിയായുള്ള ഇമാം അസ്ഗര്‍ മൗലവി കുമ്മനം പ്രസംഗം പെട്ടെന്ന് അവസാനിപ്പിക്കുന്നതു കണ്ടു ഇതിന്റെ കാരണങ്ങള്‍ ഏവരും അന്വേഷിക്കുന്നതിനിടയില്‍ മസ്ജിദിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി കയറി വന്നു.അച്ചിനകം ക്രിസ്ത്യന്‍ പള്ളിയിലെ വികാരി ഫാ. സനു പുതുശേരിയാണ് അങ്ങോട്ട് കയറി വന്നത്. പ്രളയത്തെ തുടര്‍ന്ന് ക്രിസ്ത്യന്‍ ദേവാലയവുമായി ബന്ധപ്പെട്ടു മുസ്‌ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്‌തെന്നും അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യമെന്നും മുഖവുരയില്ലാതെ അച്ചന്‍ പറഞ്ഞു. ആദ്യമായാണ് ഒരു മുസ്‌ലിം പള്ളിയില്‍ കയറുന്നതെന്നും അഭിമാനവും സന്തോഷവുമുണ്ടെന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. മഹാ പ്രളയത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. പ്രളയം നമ്മളില്‍ നിന്ന് പലതും കവര്‍ന്നു കൊണ്ടുപോയെങ്കിലും ആദ്യം നമ്മളില്‍ നിന്ന് കവര്‍ന്നത് പരസ്പരം നാം അതിരുകെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു. നമ്മുടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു. എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം. ജാതിയോ മതമോ സമ്പത്തോ നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും ഇക്കാലയളവില്‍ നമുക്കു കഴിഞ്ഞു. ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്കു നാളെയുടെ തലമുറക്കും കൈമാറാം. കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ടു പോവണമെന്നും അദ്ദേഹം പറഞ്ഞു. മാനവിക ഐക്യത്തിന്റെ ഉദാത്ത മാതൃകയിലൂന്നിയ ആ പ്രസംഗം ജുമുഅക്കെത്തിയ പലരുടെയും കണ്ണുകളെ സന്തോഷത്താല്‍ ഈറനണിയിച്ചു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ചനും സന്തോഷം. ജുമുഅ പ്രസംഗത്തിനിടെ വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അഭിനന്ദനങ്ങളും ആശംസകളും പ്രവഹിക്കുകയാണ്. ഫാ. സനു പുതുശേരിയ്ക്ക് റോമില്‍ നിന്നുവരെ അഭിനന്ദനങ്ങളെത്തി.
Next Story

RELATED STORIES

Share it