Flash News

സൗദി മൂന്നു വര്‍ഷം മുമ്പ് അനുവദിച്ചു; ഇന്ത്യയില്‍ നിയമമായത് ഇപ്പോള്‍

ന്യൂഡല്‍ഹി: 45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ തുണയില്ലാതെ ഹജ്ജിനു പോവാന്‍ സൗദി മൂന്നുവര്‍ഷം മുമ്പു തന്നെ അനുവദിച്ചതാണ്. എന്നാല്‍ ഈ ഇളവ് ഇന്ത്യയില്‍ നിയമമാവാന്‍ മൂന്നുവര്‍ഷമെടുത്തു. ഉന്നതാധികാര സമിതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. മന്‍കി ബാത് പ്രഭാഷണ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അത് സൂചിപ്പിച്ചിരുന്നു.
പുരുഷ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് അനുവദിക്കില്ലെന്ന നിയമം 2014ല്‍ സൗദി അറേബ്യ ഹജ്ജ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയപ്പോള്‍ മാറ്റിയിരുന്നു. 45 വയസ്സിനു മുകളിലുള്ള സ്ത്രീകളെ ഹജ്ജ് ഒപ്പം മെഹ്‌റമില്ലാതെ ചെയ്യാന്‍ 2014ല്‍ തന്നെ സൗദി അറേബ്യ അനുവദിച്ചു. എന്നാല്‍ അവര്‍ ഒരു സംഘമായി യാത്രചെയ്യണമെന്നു നിബന്ധനയുണ്ട്. 2015ല്‍ അത്തരത്തില്‍ ആദ്യത്തെ വനിതാ ഹജ്ജ് സംഘം സൗദിയിലേക്ക് യാത്രചെയ്തിരുന്നുവെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായ രാജ്യസഭ എംപി ഹുസയ്ന്‍ ദല്‍വായ് വെളിപ്പെടുത്തി.
എന്നാല്‍, മുസ്‌ലിം വനിതകള്‍ക്ക് തുല്യാവകാശം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് മോദിയുടെ വിശദീകരണം. മഹ്‌റം ഇളവ് ഇന്ത്യയാണു നല്‍കുന്നതെന്ന നിലയിലാണ് മന്‍കിബാത്തിലെ മോദിയുടെ അവകാശവാദം. മോദിയുടെ നിര്‍ദേശം പരിഗണിച്ച് ഇത്തവണ 1,300 സ്ത്രീകള്‍ക്കു പുരുഷ തുണയില്ലാതെ ഹജ്ജ് യാത്ര ഉറപ്പാക്കുമെന്ന് ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബാസ് നഖ്‌വിയും ട്വീറ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it