World

സൗദി: നിയമലംഘകരെ സഹായിച്ച 2566 വിദേശികള്‍ പിടിയില്‍

റിയാദ്: നിയമലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തുകൊടുത്തതിന് 2,566 വിദേശികളെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിനു നിയമലംഘകര്‍ക്ക് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നവര്‍ക്ക് തടവും പിഴയും നാടുകടത്തലും ശിക്ഷ ലഭിക്കും. നിയമലംഘകരെ സഹായിച്ച കുറ്റത്തിന് 643 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 543 പേര്‍ക്കെതിരേ തല്‍സമയം ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 100 പേര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചുവരുകയാണ്. ഒമ്പതര മാസത്തിനിടെ രാജ്യമെമ്പാടും സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ 16,56,476 നിയമലംഘകര്‍ പിടിയിലായി. തടവും പിഴയും പ്രവേശന വിലക്കും കൂടാതെ ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്ക് സ്വദേശങ്ങളിലേക്കു തിരിച്ചുപോവുന്നതിന് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് നവംബര്‍ 14ന് അവസാനിച്ചതിനെ തുടര്‍ന്ന് നവംബര്‍ 15 മുതല്‍ കഴിഞ്ഞ വ്യാഴാഴ്ച വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും നിയമലംഘകര്‍ പിടിയിലായത്. ഇക്കൂട്ടത്തില്‍ 12,64,058 പേര്‍ ഇഖാമ നിയമലംഘകരും 1,25,585 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,66,833 പേര്‍ തൊഴില്‍ നിയമലംഘകരുമാണ്. 2,75,826 പേര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 2,31,908 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭ്യമാക്കുന്നതിന് എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 2,85,921 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it