World

സൗദിയില്‍ മീന്‍പിടിത്ത മേഖലയിലും സ്വദേശിവല്‍ക്കരണം

റിയാദ്: സൗദി അറേബ്യയില്‍ മീന്‍പിടിത്ത മേഖലയില്‍ സ്വദേശിവല്‍ക്കരണം ഞായറാഴ്ചപ്രാബല്യത്തില്‍. മീന്‍പിടിക്കാന്‍ പോവുന്ന ഓരോ ബോട്ടിലും ചുരുങ്ങിയത് ഒരു സ്വദേശിയെയെങ്കിലും നിയമിക്കണമെന്നാണ് പുതിയ വ്യവസ്ഥ. സൗദി പൗരന്‍മാരില്ലാത്ത ബോട്ടുകളെ ഞായറാഴ്ച കടലില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. സ്വദേശികളെ നിയമിക്കാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോലിചെയ്യുന്ന ബോട്ടുകള്‍ക്ക് ആദ്യദിവസം ജുബൈല്‍ ഹാര്‍ബറില്‍ നിന്ന് മീന്‍പിടിക്കാന്‍ പുറപ്പെടാനായില്ല.
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മീന്‍പിടിത്ത ബോട്ടുകളിലെ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ ഫിഷിങ് ഹാര്‍ബറുകളിലും പരിശോധന നടന്നു.
ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
അതേസമയം സ്വകാര്യമേഖലയിലും കൂടുതല്‍ സൗദിവല്‍ക്കരണ പ്രഖ്യാപനം പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. സ്വകാര്യമേഖലയില്‍ കൂടുതല്‍ സൗദിവല്‍ക്കരണം ലക്ഷ്യമിട്ട് 68 പദ്ധതികളാണ് ഇന്നലെ തൊഴില്‍- സാമൂഹികമന്ത്രി എന്‍ജിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ പ്രഖ്യാപിച്ചത്്. മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് പ്രവാസികള്‍ നേരിട്ട് ഇടപെടുന്ന തൊഴിലിടങ്ങളിലേക്കാണ് പുതിയ സൗദിവല്‍ക്കരണം ലക്ഷ്യമിടുന്നത്.
റസ്‌റ്റോറന്റ്, കോഫി ഷോപ്പ്, കോണ്‍ട്രാക്റ്റിങ്, ടെലികമ്മ്യൂണിക്കേഷന്‍, ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനാണു പുതിയ പദ്ധതി. റസ്‌റ്റോറന്റ് എന്നത് മുഴുവന്‍ ഹോട്ടലുകളും ബൂഫിയകളും ഉള്‍പ്പെടുമോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it