Editorial

സൗദിഅറേബ്യ പ്രതിസന്ധിയിലേക്ക്

സൗദി പത്രപ്രവര്‍ത്തകനായ ജമാല്‍ ഖഷഗ്ജി ഒക്ടോബര്‍ 2ന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചശേഷം അപ്രത്യക്ഷനായ വിഷയം ഗുരുതരമായ അന്താരാഷ്ട്രപ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. കോണ്‍സുലേറ്റില്‍ വച്ചു ഖഷഗ്ജി കൊല്ലപ്പെട്ടതായാണ് തുര്‍ക്കി സര്‍ക്കാര്‍ വിശദീകരിക്കുന്നത്. സൗദിഅറേബ്യയില്‍ നിന്നു രണ്ട് പ്രത്യേക വിമാനങ്ങളിലായി പറന്നെത്തിയ 15 അംഗ സംഘം ഖഷഗ്ജിയെ കോണ്‍സുലേറ്റിന് അകത്തു വച്ച് വധിച്ച് മൃതദേഹം തുണ്ടംതുണ്ടമാക്കി കോണ്‍സല്‍ ജനറലിന്റെ വീട്ടിലെ പൂന്തോട്ടത്തില്‍ കൊണ്ടുപോയി മറവുചെയ്തു എന്നാണ് തുര്‍ക്കിയുടെ ഉന്നത പോലിസ് അധികൃതര്‍ പറയുന്നത്.
കോണ്‍സുലേറ്റില്‍ നടന്ന സംഭവം സൗദി സര്‍ക്കാരിന്റെ അറിവോടെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാന്‍ സാധ്യതയില്ല. 2015ല്‍ അധികാരമേറ്റെടുത്ത മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനു നേരെയാണ് സംശയത്തിന്റെ മുന നീളുന്നത്. യമനില്‍ ആരംഭിച്ച യുദ്ധവും ഖത്തറിനു നേരെയുള്ള നടപടികളും പ്രമുഖ ബിസിനസുകാരെയും രാജകുടുംബാംഗങ്ങളെയും അഴിമതിയുടെ പേരില്‍ തടവിലാക്കി പണം വസൂലാക്കിയതും അടക്കമുള്ള നടപടികളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് മുഹമ്മദ് രാജകുമാരനാണെന്ന് ആഗോള മാധ്യമങ്ങള്‍ പറയുന്നു. അദ്ദേഹത്തിന്റെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ടതാണ് ഖഷഗ്ജിയുടെ കൊലയ്ക്കു കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രശസ്തനായ ഒരു മാധ്യമപ്രവര്‍ത്തകനു നേരെയുള്ള കടന്നാക്രമണമാണ് പ്രശ്‌നമെങ്കിലും അമേരിക്കയിലെ ട്രംപ് ഭരണകൂടം വിഷയത്തില്‍ ഇടപെടാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് താങ്ങും തണലുമായി നില്‍ക്കുന്നത് സൗദി ഭരണകൂടമാണ്. സൗദിയുമായി അതിവിപുലമായ വ്യാപാരബന്ധങ്ങളാണ് അമേരിക്കയ്ക്കുള്ളത്. അമേരിക്കയുടെ ആയുധങ്ങള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നതും സൗദിഅറേബ്യ തന്നെ.
തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രാജ്യത്ത് നടന്ന ഒരു കടന്നാക്രമണമായി മാത്രമേ ഖഷഗ്ജിയുടെ തിരോധാനത്തെ കാണാനാകൂ. അത് തുര്‍ക്കിയുടെ പരമാധികാരത്തിനു മേലുള്ള നഗ്നമായ കൈയേറ്റമാണ്. ഒരു രാജ്യത്തിനും അത്തരമൊരു പ്രവൃത്തി അംഗീകരിച്ചുകൊടുക്കാനാവില്ല. അതിനാല്‍ സംഭവത്തിന്റെ വസ്തുതകള്‍ കൂടുതല്‍ വ്യക്തമായിവരുന്നതോടെ സൗദിഅറേബ്യക്കെതിരേ ശക്തമായ നടപടികളുമായി രംഗത്തുവരാന്‍ തുര്‍ക്കിയിലെ ഉര്‍ദുഗാന്‍ ഭരണകൂടം സന്നദ്ധമാവുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അമേരിക്കയ്ക്കും മറ്റു നാറ്റോശക്തികള്‍ക്കും വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും കഴിയില്ല.
അത്തരമൊരു ശക്തമായ സാര്‍വദേശീയ പ്രതികരണം വരുകയാണെങ്കില്‍ തങ്ങള്‍ തിരിച്ചടിക്കുമെന്നാണ് സൗദിഅറേബ്യ പറയുന്നത്. ഖഷഗ്ജിയുടെ തിരോധാനത്തിനു തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ഭരണകൂടം ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും അതിന് ആധാരമായ ഒരു തെളിവും ഹാജരാക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ നിലവിലുള്ള നയതന്ത്രപ്രതിസന്ധി ഗുരുതരമായ മറ്റു നടപടികളിലേക്ക് വഴിയൊരുക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അത് സൗദി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധി തന്നെയായിരിക്കും എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല.

Next Story

RELATED STORIES

Share it