Gulf

സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപ് ദമ്മാമില്‍

സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപ് ദമ്മാമില്‍
X


ദമ്മാം: ഫോക്കസ് സൗദി ദമ്മാം ചാപ്റ്റര്‍ അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍, കീഴുപറമ്പ് പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍, ഈസ്‌റ്റേണ്‍ മലയാളി ഫ്രണ്ട്‌സ് എന്നിവരുമായി സഹകരിച്ച് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാംപ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 16ന് ദമ്മാം അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയാണ് പരിശോധന. വൃക്ക സംബന്ധമായ രോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തി പ്രതിവിധിയും ബോധവല്‍ക്കരണവും നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഫോക്കസ് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ 25 സൗജന്യ വൃക്കരോഗ പരിശോധന ക്യാംപുകള്‍ ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. വൃക്ക പരിശോധനയും ബോധവല്‍ക്കരണവും ഉള്‍കൊള്ളുന്ന ക്യാംപിന് വിദഗ്ധ ഡോക്ടര്‍മാരും പ്രത്യേകം പരിശീലനം നേടിയ വോളന്റിയര്‍മാരും നേതൃത്വം നല്‍കും. ജീവിതശൈലിയിലെ മാറ്റങ്ങള്‍ മൂലം ദിനേന രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന ഈ കാലത്ത് വൃക്ക രോഗികളുടെ എണ്ണവും കൂടി വരികയാണ്. പ്രത്യേകിച്ചും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന സാധാരണ പ്രവാസികളില്‍ വൃക്ക രോഗത്തെക്കുറിച്ച് കൂടുതല്‍ അവബോധം ഉണ്ടാക്കുകയാണ് പ്രധാന ഉദ്ദേശ്യം.

പ്രമേഹം, രക്തസമ്മര്‍ദ്ദം, മൂത്രസംബന്ധമായ അസുഖങ്ങള്‍, പാരമ്പര്യം, തെറ്റായ ഭക്ഷണ ശൈലി, തുടങ്ങിയ പല വിധ കാരണങ്ങളാല്‍ വൃക്ക തകരാറിലാകാം. എന്നാല്‍ 60 ശതമാനത്തോളം തകരാറ് സംഭവിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് പലപ്പോഴും വൃക്ക രോഗിയാണെന്ന് തിരിച്ചറിയാന്‍ സാധിക്കൂ. ഇതുമൂലം ഡയാലിസിസടക്കമുള്ള തുടര്‍ ചികിത്സകള്‍ക്ക് ഭീമമായ സാമ്പത്തിക ചെലവ് വേണ്ടി വരികയും ഒരു പക്ഷേ ജീവന്‍ തന്നെ അപകടത്തിലാവുകയും ചെയ്യുന്നു. എന്നാല്‍ ശരീരം നല്‍കുന്ന ചില സൂചനകളില്‍ നിന്ന് മുന്‍കൂട്ടി രോഗ സാധ്യത തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ രോഗമുക്തി നേടാനും ആരോഗ്യമുള്ള ജീവിതം നയിക്കാനും സാധ്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ അല്‍ അബീര്‍ പിആര്‍ഓ മാലിക് മക്ബൂല്‍, ഫോക്കസ് സിഇഒ അന്‍സാര്‍ കടലുണ്ടി, സിഒഒ അബ്ദുല്ല തൊടിക, ഇഎംഎഫ് ക്ലബ്ബ് ഖജാഞ്ചി നൗഫല്‍ പാരി, കെപ്‌വ പ്രസിഡന്റ് ഷംസ്പീര്‍, ഫോക്കസ് കെയര്‍ മാനേജര്‍ റമീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it