wayanad local

സൗജന്യ ഡയാലിസിസ് കേന്ദ്രത്തിന് നാളെ ശിലയിടും



മാനന്തവാടി: നാലു പഞ്ചായത്തുകളിലെ നൂറുകണക്കിന് നിര്‍ധന വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു നല്‍കാന്‍ ലക്ഷ്യംവച്ച് അല്‍ കറാമ ഫൗണ്ടേഷന്‍ നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന് നാളെ വൈകീട്ട് വൈദ്യുതി മന്ത്രി എം എം മണി ശിലയിടും. വെള്ളമുണ്ട ആസ്ഥാനമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിവരുന്ന വെള്ളമുണ്ട പെയിന്‍ ആന്റ് പാലിയേറ്റീവ് കേന്ദ്രത്തിന്റെ സ്വപ്‌ന പദ്ധതിയാണ് അല്‍കറാമ ഫൗണ്ടേഷനിലൂടെ നടപ്പാവുന്നത്. വടകരയില്‍ പ്രവര്‍ത്തിക്കുന്ന തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റും പദ്ധതിയുമായി സഹകരിക്കുന്നണ്ട്. വെള്ളമുണ്ടയിലെ പ്രവാസിയായ കുനിങ്ങാരത്ത് അബ്ദുല്‍ നാസറാണ് അല്‍കറാമ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഡയാലിസിസിന് ആവശ്യമായ സ്ഥവും 3000 സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിടവും തുടക്കത്തില്‍ 10 ഡയാലിസിസ് മെഷീനുകളും നല്‍കുന്നത്. വെള്ളമുണ്ട, തൊണ്ടര്‍നാട്, എടവക, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലെ നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നടത്തിക്കൊടുക്കാനാണ് പാലിയേറ്റീവ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. ഇതിനായി ഈ പഞ്ചായത്തുകളില്‍ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് ധനസമാഹരണവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തും. നിലവില്‍ മാനന്തവാടി താലൂക്കില്‍ ജില്ലാ ആശുപത്രിയില്‍ മാത്രമാണ് ഡയാലിസിസ് സൗകര്യമുള്ളത്. ഇവിടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഭൂരിഭാഗം രോഗികളും ജില്ലയ്ക്കകത്തും പുറത്തുമുള്ള കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കാന്‍ പുതിയ സംരംഭം ഗുണകരമാവുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടിനു നടക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ എംപി എം ഐ ഷാനവാസ്, എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍, സി കെ ശശീന്ദ്രന്‍, സി മമ്മൂട്ടി, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, അല്‍കറാമ ചെയര്‍മാന്‍ കെ അബ്ദുല്‍നാസര്‍, തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്‌രീസ് പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി, കൈപ്പാണി ഇബ്രാഹീം, എ ജോണി, മംഗലശ്ശേരി ശ്രീധരന്‍, സാബു പി ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it