thrissur local

സ്‌റ്റോപ്പില്‍ നിര്‍ത്തിയില്ല; സ്വകാര്യ ബസ് ഡ്രൈവര്‍ ഒരു രാത്രി സ്‌റ്റേഷനില്‍

വൈപ്പിന്‍: യുവതിയായ സ്വകാര്യ ബസ് യാത്രികയെ സ്‌റ്റോപ്പില്‍ നിര്‍ത്താതെ ബുദ്ധിമുട്ടിച്ച ഡ്രൈവര്‍ക്ക് ഒരു രാത്രി മുഴുവന്‍ പോലിസ് സ്‌റ്റേഷന്‍ വാസം. വൈപ്പിനില്‍ എടവനക്കാട് വാച്ചാക്കല്‍ സ്വദേശിയായ യുവതി തിങ്കളാഴ്ച രാത്രി നായരമ്പലത്ത് നിന്നാണ് എറണാകുളം-മുനമ്പം റൂട്ടിലോടുന്ന മാടമ്പി എന്ന ബസ്സില്‍ കയറിയത്. എന്നാല്‍ തനിക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോള്‍ വിളിച്ചുപറഞ്ഞെങ്കിലും ബസ് നിര്‍ത്തിയില്ലന്ന് യുവതി പോലിസിനോടു പറഞ്ഞു. ബഹളം വച്ചപ്പോള്‍ സ്റ്റോപ്പില്‍ നിന്നും കുറേ അകലെ ബസ് നിര്‍ത്തി. എന്നാല്‍ യുവതി ഇറങ്ങിയില്ല.
സ്‌റ്റോപ്പല്ലെങ്കിലും സ്ത്രീകള്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശമൊന്നും സ്വകാര്യ ബസുകാര്‍ വകവച്ചില്ല. വാശി പിടിച്ച ബസുകാര്‍ ഏഴു കിലോമീറ്ററോളം ദൂരെ ട്രിപ്പ് അവസാനിക്കുന്ന മുനമ്പം സ്റ്റാന്റ്‌വരെ എത്തി. അവിടെയും ഇറങ്ങാന്‍ കൂട്ടാക്കാതിരുന്ന യുവതിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞ് ഇറക്കിവിടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
ഇതേതുടര്‍ന്ന് മുനമ്പം പോലിസ് സ്റ്റേഷനിലേക്ക് ബസ് കൊണ്ടുവരികയും യുവതി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുകയും ഡ്രൈവര്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയും ചെയ്‌തെന്ന് ആരോപിക്കുകയും ചെയ്തതോടെ, പോലിസ് ബസ് ഡ്രൈവര്‍ നായരമ്പലം കോയിപ്പിള്ളി അഭിജിത്തി(27)—നെതിരേ കേസെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ അഭിജിത്തിനെ ഒരു രാത്രി മുഴുവന്‍ പോലിസ് സ്റ്റേഷനില്‍ ഇരുത്തി. ചൊവ്വാഴ്ച രാവിലെ ജാമ്യത്തില്‍ വിട്ടു. ബസ് വിട്ടുകൊടുത്തതാവട്ടെ ചൊവ്വാഴ്ച വൈകീട്ടും. യുവതിയെ ബന്ധുക്കളെ വിളിച്ചു വരുത്തി ഒപ്പം വിട്ടു.
മേലില്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് ബസ് ജീവനക്കാര്‍ക്ക് താക്കീതു നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it