kozhikode local

സ്‌ഫോടനം നടന്നത് മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി ഓഫിസിനുള്ളില്‍

നാദാപുരം: കല്ലാച്ചിക്കടുത്ത തെരുവന്‍പറമ്പില്‍ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സ്‌ഫോടനം മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി ഓഫിസിനുള്ളില്‍.  തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് കല്ലാച്ചി വിലങ്ങാട് റോഡരികിലെ ഓഫിസിനുള്ളില്‍ ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടായത്. ഉദ്ഘാടനത്തിനൊരുങ്ങി നില്ക്കുന്ന ഓഫിസിന്റെ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലാണുള്ളത്.
സ്‌ഫോടനത്തില്‍ ഓഫിസിന്റെ മുന്‍ വശത്തെ ചില്ലുകള്‍ തകര്‍ന്നു. ചുവരിന് വിള്ളല്‍ വീണിട്ടുണ്ട്.  നിര്‍മാണപ്രവൃത്തിയുടെ ഭാഗമായുള്ള മര ഉരുപ്പടികള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ഓഫിസിന്റെ ഉള്ളില്‍ വച്ച് സ്‌ഫോടനം നടക്കാനിടയായ സംഭവത്തില്‍ ദുരൂഹത ഉയരുകയാണ്. ഓഫിസിലേക്കുള്ള കോണി  കെട്ടിടത്തിന്റെ പിന്‍ ഭാഗത്താണ്. പുറത്തുനിന്നും  ആരെങ്കിലും ഓഫിസിനുള്ളില്‍ കടന്നു കൂടി സ്‌ഫോടനം നടത്തിയതാണോ എന്ന കാര്യം പോലിസ് അന്വേഷിക്കുന്നുണ്ട്.
അതല്ല ഓഫിസിനുള്ളില്‍ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കാനുള്ള സാദ്ധ്യതയും പോലിസ് തള്ളിക്കളയുന്നില്ല. റൂറല്‍ എസ്പി ജയദേവ്, നാദാപുരം ഡിവൈഎസ്പി  ഇ സുനില്‍ കുമാര്‍, സിഐ എം ആര്‍ ബിജു, എസ്‌ഐ എന്‍ പ്രജീഷ് എന്നിവര്‍ സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. പ്ലാസ്റ്റിക് പാത്രത്തില്‍ വെടിമരുന്ന് നിറച്ച് പേപ്പര്‍ കൊണ്ട് പൊതിഞ്ഞാണ് ബോംബ് നിര്‍മിച്ചത്. പ്ലാസ്റ്റിക് പാത്രത്തിന്റ അവശിഷ്ടങ്ങളും, പേപ്പര്‍ കഷ്ണങ്ങളും ബോംബ് സ്‌ക്വാഡ് കണ്ടെ്ത്തി. രണ്ടു മാസം മുമ്പ് തെരുവന്‍ പറമ്പില്‍ സിപിഎം പ്രവര്‍ത്തകരുടെ ടൈലറിങ് കടയും ബേക്കറിയും അജ്ഞാതര്‍ തീ വച്ച് നശിപ്പിച്ചിരുന്നു.
പ്രതികളെ പിടികൂടാന്‍ ഇത് വരെ പോലിസിനായിട്ടില്ല. ഇത് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് ഇപ്പോള്‍ മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി ഓഫിസിനുള്ളില്‍ ബോംബ് സ്‌ഫോടനം  ഉണ്ടായിരിക്കുന്നത്. റിലീഫ് കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം നിയമാനുസൃതമായി നിര്‍മിച്ചതല്ലെന്ന് കാണിച്ച് പഞ്ചായത്ത് കെട്ടിട നമ്പറും നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it