സ്‌ഫോടകവസ്തുക്കള്‍ പിടികൂടി

കൊണ്ടോട്ടി: കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്കു ജൈവ വളത്തിന്റെ മറവില്‍ കടത്തിയ ഏഴ് ടണ്‍ സ്‌ഫോടകവസ്തുക്കള്‍ ലോറിയില്‍ നിന്നും മോങ്ങം ഗോഡൗണില്‍ നിന്നുമായി പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ കാസര്‍കോട് കടുമ്മനി തോട്ടുമണ്ണില്‍ ജോര്‍ജ്(40), കര്‍ണാടക കല്‍ക്കര ചിക്മഗളൂര്‍ ഹക്കീം(32) എന്നിവരെ കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിലെടുത്ത പോലിസ് ഗോഡൗണ്‍ ഉടമയ്ക്കായി അന്വേഷണം തുടങ്ങി.
മലപ്പുറം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു കൊണ്ടോട്ടി എസ്‌ഐ രഞ്ജിത്തും സംഘവും സിഐ മുഹമ്മദ് ഹനീഫയും സംഘവും നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തിയത്.
10,000 ഓഡിനറി ഡിറ്റൊണേറ്റര്‍, 270 വലിയ പെട്ടികളിലായി സൂക്ഷിച്ച 67,50 കിലോ ജലാറ്റിന്‍ സ്റ്റിക്ക് (54,810 എണ്ണം), 213 റോളുകളിലായി സേഫ്റ്റി ഫ്യൂസ് എന്നിവയാണ് ലോറിയില്‍ നിന്ന് കണ്ടെടുത്തത്. 75 ജൈവവള ചാക്കുകള്‍ക്കു ചുറ്റും മറച്ചാണ് ഇവ ലോറിയിലുണ്ടായിരുന്നത്. പിടിയിലായവരെ ചോദ്യംചെയ്തതില്‍ നിന്നാണു മോങ്ങം അങ്ങാടിക്കു സമീപത്തെ ഗോഡൗണിലേക്കാണു സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചതെന്നു ബോധ്യമായി. ഇവിടെനിന്ന് 7000 ഇലട്രിക്ഡിറ്റൊണേറ്ററും 115 റോള്‍ സേഫ്റ്റി ഫ്യൂസും കണ്ടെത്തി. രണ്ടിടങ്ങളില്‍ നിന്നുമായി ലക്ഷങ്ങളുടെ ഏഴു ടണ്‍ സ്‌ഫോടകവസ്തുക്കളാണു പിടികൂടിയത്.
കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത്. മലപ്പുറം മേല്‍മുറി സ്വദേശി ബാസിത് എന്നയാളുടെ ഉടമസ്ഥതയിലാണു ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നതെന്ന് മലപ്പുറം ഡിവൈഎസ്പി തോട്ടത്തില്‍ ജലീല്‍ പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it