സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതിവിധിക്കെതിരായ സ്വകാര്യ ഹരജിയില്‍ ദുരൂഹത തുടരുന്നു. ഹരജി നല്‍കിയ മഹാലക്ഷ്മിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ ഗൂഢാലോചനാ വാദം ബലപ്പെട്ടുവെന്നാണ് എന്‍സിപിയിലെ ശശീന്ദ്രന്‍ വിഭാഗത്തിന്റെ നിലപാട്. അതിനിടെ, ഹരജിക്കാരിയായ മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിജെഎം കോടതിയില്‍ അവസാന നിമിഷം ഹരജി ഫയല്‍ ചെയ്തതും പിന്നീട് കോടതിവിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതും മഹാലക്ഷ്മിയാണ്. സ്വന്തം നിലയിലാണ് പരാതി നല്‍കിയതെന്ന് മഹാലക്ഷ്മി പറയുന്നു. മഹാലക്ഷ്മിയുടെ നീക്കത്തിനു പിന്നില്‍ ആരാണ്, പാര്‍ട്ടിയിലെ ആരുടെയെങ്കിലും ഇടപെടലുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് എന്‍സിപിയില്‍ സജീവമാകുന്നത്. തോമസ് ചാണ്ടിയുടെ പിഎ ബി വി ശ്രീകുമാറിന്റെ വീട്ടിലെ സഹായിയെന്ന നിലയില്‍ മഹാലക്ഷ്മിക്ക് തോമസ് ചാണ്ടിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയമാണ് ശശീന്ദ്രന്‍ പക്ഷത്തിനുള്ളത്. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്. ഇടക്കാലത്ത് ഗണേഷ് കുമാറിനെ പാര്‍ട്ടിയിലേക്കെത്തിച്ച് മന്ത്രിയാക്കാന്‍ ശ്രമിച്ച നേതാക്കളിലേക്കും സംശയം നീളുന്നുണ്ട്. എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു മുന്‍മന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന വ്യക്തിയാണ് പിഎയെന്നും സൂചനയുണ്ട്. ആ പ്രേരണയിലാവാം പരാതിനാടകം അരങ്ങേറിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മഹാലക്ഷ്മിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം നേരത്തേ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. പ്രമുഖരായ അഭിഭാഷകരെ കൊണ്ടുവരാനുള്ള മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബി വി ശ്രീകുമാറിനെതിരേയും അന്വേഷണമുണ്ടാവും. മഹാലക്ഷ്മിയുടെ ഹരജിയുമായി ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ശ്രീകുമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗതാഗതമന്ത്രിക്കെതിരായ നീക്കത്തിനു പിന്നില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ ഇദ്ദേഹത്തനെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കും. 15നാണ് ശശീന്ദ്രനെതിരായ ഹരജി ഹൈക്കോടതി പരിഗണിക്കുന്നത്.
Next Story

RELATED STORIES

Share it