Flash News

സ്‌നേഹയാത്രയൊരുക്കി കൊച്ചി മെട്രോ



കൊച്ചി: ഭിന്നശേഷിക്കക്കാര്‍ക്കും അഗതികള്‍ക്കും തൊഴിലാളികള്‍ക്കുമായി രണ്ടാംദിനം മാറ്റിവച്ച് കൊച്ചി മെട്രോ. ജില്ലയിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍, അഗതിമന്ദിരങ്ങളില്‍ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍, മെട്രോ നിര്‍മാണത്തിലേര്‍പ്പെട്ട തൊഴിലാളികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കായാണ് ഇന്നലെ മെട്രോ സൗജന്യയാത്ര നടത്തിയത്. ഇവര്‍ക്കൊപ്പം മെട്രോയില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയും ആദ്യയാത്ര നടത്തി. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായിട്ടാണ് ഇന്നലെ മെട്രോയുടെ പ്രത്യേക സര്‍വീസ് നടത്തിയത്. മെട്രോ കടന്നുപോവുന്ന പ്രദേശങ്ങളിലെ സ്‌പെഷ്യല്‍ സ്‌കൂളുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍, അഗതിമന്ദിരത്തിലെ മുതിര്‍ന്ന പൗരന്‍മാര്‍, അനാഥമന്ദിരങ്ങളിലെ അന്തേവാസികളായ കുട്ടികള്‍ എന്നിവര്‍ക്കായിട്ടാണ് കെഎംആര്‍എല്‍ രാവിലെ പ്രത്യേക യാത്ര നടത്തിയത്. സ്‌പെഷ്യല്‍ സ്‌കൂളിലെ കുറച്ചു വിദ്യാര്‍ഥികളാണ് കളമശ്ശേരിയില്‍ നിന്ന് ആലുവ വരെ മന്ത്രിക്കൊപ്പം യാത്ര ചെയ്തത്. പിന്നാലെയുള്ള ട്രെയിനില്‍ മറ്റു കുട്ടികള്‍ക്കും മെട്രോ അധികൃതര്‍ യാത്രാ സൗകര്യം ഒരുക്കി. സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി വി അനുപമയും സ്‌നേഹയാത്രയില്‍ പങ്കുചേര്‍ന്നു. ഭിന്നശേഷിയുള്ള 450 കുട്ടികള്‍ സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റിന്റെ നേതൃത്വത്തിലാണ് മെട്രോ യാത്രയ്ക്കായെത്തിയത്. 43 സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളാണു യാത്രയില്‍ പങ്കുചേരുന്നത്.ആര്‍പ്പു വിളികളോടെയാണു കുട്ടികള്‍ മന്ത്രിയെ സ്വീകരിച്ചത്. കുട്ടികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും പെയിന്റിങുകളും വരച്ച ചിത്രങ്ങളും മന്ത്രിക്കു സമ്മാനമായി നല്‍കി. ഉച്ചയ്ക്ക് ശേഷമായിരുന്നു മെട്രോ നിര്‍മാണത്തിന്റെ ഭാഗമായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി പ്രത്യേക സര്‍വീസ് നടത്തിയത്. കൂടാതെ മെട്രോയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ ലഭിച്ച ടിക്കറ്റ് കൈവശം സൂക്ഷിച്ചവര്‍ക്കും മെട്രോ ട്രെയിന്‍ യാത്രയ്ക്ക് അവസരമൊരുക്കി. ഇന്ന് രാവിലെ ആറുമണി മുതലാണ് മെട്രോ പൂര്‍ണമായും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത്.
Next Story

RELATED STORIES

Share it