wayanad local

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര; മുന്നൊരുക്കങ്ങളുമായി മോട്ടോര്‍വാഹന വകുപ്പ്

കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷിതയാത്ര മുന്‍നിര്‍ത്തി മോട്ടോര്‍വാഹന വകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി. വൈത്തിരി താലൂക്കിലെ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം 23നു രാവിലെ 10നു കലക്ടറേറ്റിലും മാനന്തവാടിയിലെ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടി 26ന് മാനന്തവാടി സബ് ആര്‍ടി ഓഫിസിലും നടക്കും.
എല്ലാ ഡ്രൈവര്‍മാരും പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് ആര്‍ടിഒ അറിയിച്ചു. പങ്കെടുക്കുന്ന ഡ്രൈവര്‍മാരുടെ ലിസ്റ്റ് സ്‌കൂള്‍ അധികൃതര്‍ ആര്‍ടി ഓഫിസില്‍ സമര്‍പ്പിക്കണം. മുമ്പ് ക്ലാസില്‍ പങ്കെടുത്തവരും നിര്‍ബന്ധമായി പങ്കെടുക്കുകയും വാഹനങ്ങള്‍ ഓടിക്കുന്ന സമയത്ത് ആവശ്യപ്പെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ചെയ്യണം.
ലൈസന്‍സ് നേടി 10 വര്‍ഷം പ്രവൃത്തിപരിചയമുള്ള ആളുകളെ മാത്രമേ സ്‌കൂള്‍ വാഹന ഡ്രൈവര്‍മാരായി നിയോഗിക്കാന്‍ പാടുള്ളൂ. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ടവരാവരുത്. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ലൈസന്‍സ് കോപ്പി, ഫോട്ടോ എന്നിവ കൊണ്ടുവരണം. മെയ് 26നു രാവിലെ 10ന് ആയമാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റില്‍ നടക്കും.
കുട്ടികളുടെ സുരക്ഷിതത്വത്തിന് പാലിക്കേണ്ട രീതികള്‍ ക്ലാസില്‍ വിശദീകരിക്കും. ഓരോ വാഹനത്തിലും ഡോര്‍ അറ്റന്റര്‍മാര്‍/ആയമാര്‍ ഉണ്ടായിരിക്കണം. പരിശീലനം ലഭിച്ചവരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ. സ്‌കൂള്‍ അധ്യാപകര്‍ (സ്‌കൂള്‍ വാഹന ചുമതലക്കാര്‍), മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്കുള്ള പരിശീലനം 28നു രാവിലെ 10.30ന് കലക്ടറേറ്റ് ഹാളില്‍ നടക്കും. സ്‌കൂള്‍ വാഹനത്തിന്റെ ചുമതലക്കാര്‍ക്ക് ഹാജരാവാന്‍ കഴിയില്ലെങ്കില്‍ അവര്‍ നിയോഗിക്കുന്ന സ്റ്റാഫ് പ്രതിനിധി പങ്കെടുക്കണം.
പിടിഎ ഭാരവാഹികള്‍, കുട്ടികളുടെ യാത്രാസംബന്ധിയായി ചുമതലപ്പെടുത്തുന്ന ഒരു നോഡല്‍ ഓഫിസര്‍, സ്ഥലത്തെ ജനപ്രതിനിധി എന്നിവര്‍ക്ക് അവബോധം നല്‍കി സുരക്ഷ ഉറപ്പുവരുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ക്ലാസ്.
സുരക്ഷാ ഓഡിറ്റിനും വാഹന പരിശോധനയ്ക്കുമായി 30ന് രാവിലെ 10.30ന് കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെ ടെസ്റ്റിങ് ഗ്രൗണ്ടുകളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ എത്തിക്കണം. സുരക്ഷിതയാത്രയ്ക്ക് വാഹനം സജ്ജമാണെന്നു തെളിയിക്കുന്ന സ്റ്റിക്കറുകള്‍ വിതരണം ചെയ്യും. സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. സ്‌കൂള്‍ വാഹനങ്ങളില്‍ ഫഌക്‌സ് ഒഴിവാക്കണം. പരിശീലനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കും. ഇക്കാര്യങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ വി സജിത്ത് അറിയിച്ചു.
Next Story

RELATED STORIES

Share it