wayanad local

സ്‌കൂള്‍ കലോല്‍സവത്തില്‍ മല്‍സരിക്കാന്‍ വ്യാജ ഉത്തരവ് : പിന്നില്‍ വന്‍ റാക്കറ്റെന്നു സംശയം

മാനന്തവാടി: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മല്‍സരിക്കാന്‍ ബാലവകാശ കമ്മീഷന്റെ പേരില്‍ വ്യാജ ഉത്തരവുണ്ടാക്കിയ സംഭവത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. രണ്ടു നൃത്താധ്യാപകരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
മാനന്തവാടിയിലെ ജോബ്‌സ് ആന്റ് സാബ്‌സ് നൃത്ത വിദ്യാലയ ഉടമയും അധ്യാപകനുമായ കുഴിനിലം വേങ്ങാചോട്ടില്‍ ജോബിന്‍ ജോര്‍ജ്, തൃശൂര്‍ ചേര്‍പ്പ് സ്വദേശി കണ്ണന്തറ വീട്ടില്‍ സൂരജ് എന്നിവരെയാണ് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും അന്വേഷണം പുരോഗമിക്കുന്നതായും എസ്പി പറഞ്ഞു. തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നൃത്താധ്യാപകന്‍ ജോബിന്‍ ജോര്‍ജ് 2002ലെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ കലാപ്രതിഭയാണ്.
അഞ്ചുവര്‍ഷം മുമ്പ് മാനന്തവാടിയിലും കോഴിക്കോടും ജോബ്‌സ് ആന്റ് സാബ്‌സ് എന്ന പേരില്‍ ഡാന്‍സ് സ്‌കൂളുകള്‍ ആരംഭിച്ച് വിദ്യാര്‍ഥികളെ നൃത്തം അഭ്യസിപ്പിച്ചു വരികയായിരുന്നു. ബാലാവകാശ കമ്മീഷന്റെ പേരില്‍ രക്ഷകര്‍ത്താക്കള്‍ എത്തിച്ച അപ്പീലുകള്‍ ഡിപിഐ ഓഫിസില്‍ വിശദമായി പരിശോധിക്കുന്നതിനിടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെടുന്നത്.
ഡിപിഐ ഓഫിസിലെ ഉദ്യോഗസ്ഥന്‍ നേരത്തെ സംസ്ഥാന ബാലാവകാശ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നതിനാല്‍ കമ്മീഷന്റെ പേരില്‍ എത്തിയ ഉത്തരവുകള്‍ വ്യാജമാണെന്നു കണ്ടെത്താന്‍ എളുപ്പത്തില്‍ സാധിച്ചു.
ഇതോടെ നിയമനടപടിക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ തൃശൂര്‍ ഈസ്റ്റ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ലോക്കല്‍ പോലിസില്‍ നിന്ന് അന്വേഷണം ഏറ്റെടുത്ത എറണാകുളം ക്രൈംബ്രാഞ്ച് എസ്പി പി എന്‍ ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം ഒറ്റരാത്രി കൊണ്ടാണ് കേസിലെ പ്രതികളായ രണ്ടുപേരെയും പിടികൂടുന്നത്.
ഡാന്‍സ് അക്കാദമികള്‍ നടത്തുന്ന ജോബിയും സൂരജും തങ്ങളുടെ സ്ഥാപനത്തിന് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നതിനായാണ് സ്ഥാപനത്തില്‍ നൃത്തയിനങ്ങള്‍ അഭ്യസിക്കാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് കലോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി ബാലാവകാശ കമ്മീഷന്റെ പേരില്‍ വ്യാജ ഉത്തരവ് തയ്യാറാക്കി നല്‍കിയത്. കേസിലെ മുഖ്യപ്രതിയും തയ്യല്‍ക്കാരനുമായ തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ചില്ലിക്കാട്ടില്‍ സജികുമാറിനെ സമീപിച്ചാണ് വ്യാജ ഉത്തരവുകള്‍ തരപ്പെടുത്തിയതെന്ന് അന്വേഷണസംഘം പറഞ്ഞു.
സൂരജ് അഞ്ച് അപ്പീലുകളും ജോബി നാലെണ്ണവുമാണ് തരപ്പെടുത്തിയതെന്നു കണ്ടെത്തിയിട്ടുണ്ട്. അപ്പീലുകള്‍ ലഭ്യമാക്കാന്‍ 25,000 മുതല്‍ 30,000 രൂപ വരെയാണ് ഇരുവരും രക്ഷകര്‍ത്താക്കളില്‍ നിന്നു വാങ്ങിയിരുന്നത്.
അപ്പീല്‍ കമ്മിറ്റി തട്ടിപ്പ് കണ്ടെത്തിയതോടെ മുഖ്യപ്രതി സജികുമാര്‍ തന്റെ മക്കള്‍ക്കു വേണ്ടി തരപ്പെടുത്തിയ വ്യാജ അപ്പീലുകള്‍ കീറിക്കളഞ്ഞ് കോടതി മുഖാന്തരം യഥാര്‍ഥ അപ്പീല്‍ തരപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. മക്കളുടെ നൃത്തം കാണാന്‍ കലോല്‍സവ നഗരിയില്‍ എത്തിയ സജികുമാര്‍ തലനാരിഴയ്ക്കാണ് ക്രൈംബ്രാഞ്ചിന്റെ കെണിയില്‍ നിന്നു രക്ഷപ്പെട്ടത്. തട്ടിപ്പിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
ക്രൈംബ്രാഞ്ച് എസ്‌ഐ എം പി ശങ്കരന്‍കുട്ടി, എസ്‌ഐ ഫിലിപ്പ്, സീനിയര്‍ സിപിഒമാരായ കെ സൂരജ്, സി സി സുഭാഷ്, സിപിഒ രാജേഷ്, പി എസ് ഷിജില്‍, എസ് രാജന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it