സ്‌കൂള്‍ കലോല്‍സവം: നാളെയുടെ പ്രതിഭകള്‍ വിരിയുന്ന വേദി

കെ എം അക്ബര്‍

തൃശൂര്‍: ഗായകരായ യേശുദാസ്, പി ജയചന്ദ്രന്‍, കെ എസ് ചിത്ര, സുജാത. ചലച്ചിത്ര നടി-നടന്മാരായ മഞ്ജുവാര്യര്‍, കാവ്യാ മാധവന്‍, വിനീത്, ഗിന്നസ് പക്രു. മലയാളത്തിന്റെ സിനിമ, സാഹിത്യ, സംഗീത ശാഖകളെ സമ്പന്നമാക്കുന്നതില്‍ സ്‌കൂള്‍ കലോല്‍സവം വഹിക്കുന്ന പങ്ക് നിസ്തുലം.
കലോല്‍സവം ആരംഭിച്ചതു മുതല്‍ ഒട്ടേറെ താരങ്ങള്‍ ഇവിടെ മിന്നിത്തിളങ്ങി. അവരില്‍ ഏറ്റവും ശ്രദ്ധേയമായ പേരാണു യേശുദാസ്. 1958ല്‍ തിരുവനന്തപുരത്തു നടന്ന രണ്ടാം കലോല്‍സവത്തില്‍  വായ്പ്പാട്ടിലൂടെയാണ് യേശുദാസെന്ന അനുഗൃഹീത ഗായകനെ സംഗീതലോകത്തിന് ലഭിച്ചത്. അതേ കലോല്‍സവത്തില്‍ ലയവാദ്യത്തിലൂടെ മറ്റൊരു പ്രതിഭയെയും നമുക്കു ലഭിച്ചു,  പി ജയചന്ദ്രനെ.
സ്വരമാധുരി കൊണ്ടു സിനിമാഗാനരംഗം കീഴടക്കിയ ഒട്ടേറെ പ്രതിഭകള്‍ കലോല്‍സവ വേദികളില്‍ ഉദയം കൊണ്ടു. ലളിതഗാനത്തിലൂടെ ഗാനകോകിലം കെ എസ് ചിത്രയെ ലഭിച്ചു. 1976ലെ ലളിതഗാന മല്‍സരം സുജാതയും അരുന്ധതിയും തമ്മിലായിരുന്നു. മല്‍സരത്തില്‍ അരുന്ധതി ഒന്നാമതെത്തിയപ്പോള്‍ സുജാത രണ്ടാംസ്ഥാനം നേടി. ശാസ്ത്രീയ സംഗീതത്തിലൂടെ ഗായകന്‍ ശ്രീനിവാസും ലളിതഗാനത്തിലൂടെ ജി വേണുഗോപാലും വരവറിയിച്ചു. മാപ്പിളപ്പാട്ടില്‍ വിനീത് ശ്രീനിവാസന്‍ ഒന്നാമനായി. 92, 95 വര്‍ഷങ്ങളില്‍ കലാതിലകമായി മഞ്ജു വാര്യര്‍ ശ്രദ്ധ പിടിച്ചുപറ്റി. നടിമാരായ കാവ്യാ മാധവന്‍, നവ്യാ നായര്‍, വിന്ദുജാ മേനോന്‍, അമ്പിളിദേവി, നീനാപ്രസാദ്, പൊന്നമ്പിളി, താരാ കല്യാണ്‍ തുടങ്ങിയവരും കലോല്‍സവ വേദിയില്‍ നിന്ന് ഉയര്‍ന്നുവന്ന താരങ്ങളായി. കലോല്‍സവ വേദിയില്‍ നിറഞ്ഞാടിയ നടി ജോമോള്‍, ഗൗരിയാണ്. 2000 ത്തില്‍ തൊടുപുഴയില്‍ നടന്ന കലോല്‍സവത്തില്‍ കലാതിലകപ്പട്ടം നഷ്ടമായ നവ്യാ നായര്‍ കരഞ്ഞു വേദിവിട്ടിറങ്ങിയതും മാധ്യമങ്ങളോടു പ്രതികരിച്ചതുമെല്ലാം ഒരു ഫഌഷ് ബാക്ക്. ആ വര്‍ഷം അമ്പിളീ ദേവിയായിരുന്നു കലാതിലകം. ഗായിക സയനോര ഫിലിപ് സംഗീത മല്‍സരങ്ങളിലൂടെയും നടി ജാനറ്റ് ജെയിംസ് മോണോ ആക്ടിലൂടെയും വെള്ളിത്തിരയിലേക്കു കടന്നു. പുതുതലമുറ നടിമാരില്‍ മാളവികാ നായരും പാര്‍വതീ നമ്പ്യാരും കലോല്‍സവ വേദികളിലെ സാന്നിധ്യങ്ങള്‍ തന്നെയായിരുന്നു. നടന്‍ വിനീതായിരുന്നു 1986ലെ കലാപ്രതിഭ. 1977ല്‍ ബാബുചന്ദ്രന്‍ എന്ന പേരില്‍ നാടോടിനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാര്‍ഥി പിന്നീട് ഇടവേള ബാബുവായി. വിനീത് കുമാര്‍ 1987ല്‍ കലാപ്രതിഭാ പട്ടം ചൂടി. മോണോആക്ട് വേദികളില്‍ ചിരിയുടെ അമിട്ട് പൊട്ടിച്ചായിരുന്നു ഉണ്ട പക്രു എന്ന അജയ്കുമാറിന്റെ അരങ്ങേറ്റം.
മോണോ ആക്ടിലൂടെ തന്നെ നടന്‍ സുധീഷും വെള്ളിത്തിരയിലെത്തി. കുടമാളൂര്‍ ജനാര്‍ദ്ദനന്‍, തിരുവിഴ ശിവാനന്ദന്‍, കെ എസ് ഗോപാലകൃഷ്ണന്‍, കെ വിശ്വനാഥന്‍, എറണാകുളം എസ് രാമകൃഷ്ണന്‍, ടി എച്ച് സുബ്രഹ്മണ്യം, തൃശൂര്‍ സി നരേന്ദ്രന്‍, ചേര്‍ത്തല എന്‍ ശ്രീകുമാര വര്‍മ, ടി എച്ച് ലളിത, ടി എച്ച് വസന്ത, കുഴല്‍മന്ദം രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ശാസ്ത്രീയ, ഉപകരണ സംഗീത രംഗങ്ങളില്‍ പ്രതിഭ തെളിയിച്ചവരാണ്. രാഷ്ട്രീയ, ഭരണ രംഗത്തും കലോ ല്‍സവത്തിലൂടെ മികവുറ്റ പ്രതിഭകള്‍ ഉദയം കൊണ്ടു.
1962ല്‍ പ്രസംഗ മല്‍സരത്തി ല്‍ വിജയിയായിരുന്നു മുന്‍ വിദ്യാഭ്യാസ മന്ത്രിയും നിലവില്‍ ലോക്‌സഭ അംഗവുമായ ഇ ടി മുഹമ്മദ് ബഷീര്‍. ഭരണരംഗത്തു തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച സി കെ കോശി ഐഎഎസ്, ജിജി തോംസണ്‍ ഐഎഎസ് എന്നിവരും കലോല്‍സവ വേദികളില്‍ വാക്ചാരുത കൊണ്ട് വിജയിച്ചവര്‍ തന്നെ. 2005ല്‍ കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നിര്‍ത്തി ഗ്രേഡിങ് സമ്പ്രദായം ആരംഭിച്ചതോടെ വ്യക്തിഗത പ്രതിഭ തെളിയിക്കുന്നതിനും മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നതിനും മുമ്പത്തെ പോലെ കഴിയാറില്ല. എങ്കിലും ഒട്ടേറെ പ്രതിഭകള്‍ ഇപ്പോഴും കലോല്‍സവ വേദികളെ സമ്പന്നമാക്കുന്നുണ്ട്. നവ പ്രതിഭകളുടെ അരങ്ങേറ്റവും മാറ്റുരയ്ക്കലും കലാകേരളം ആകാംക്ഷയോടെ ഇത്തവണയും ഉറ്റുനോക്കുകയാണ്.
Next Story

RELATED STORIES

Share it