സ്‌കൂളുകളില്‍ സിസിടിവി കാമറ പാടില്ലെന്ന ഉത്തരവിന് സ്‌റ്റേ

കൊച്ചി: സ്‌കൂളുകളില്‍ സിസിടിവി കാമറ പാടില്ലെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെയും ഉത്തരവുകള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. പള്ളിക്കല്‍ പിയുപിഎസ്എം സ്‌കൂള്‍ മാനേജര്‍ ടി എസ് പത്മകുമാരി സമര്‍പ്പിച്ച ഹരജിയിലാണു നടപടി. ഇതേ ആവശ്യം ഉന്നയിച്ച് മലപ്പുറം എകെഎം സ്‌കൂള്‍ മാനേജര്‍ കെ എ ഇബ്രാഹീമും പിടിഎ പ്രസിഡന്റ് ജുനൈദ് പറവക്കലും സമര്‍പ്പിച്ച ഹരജിയില്‍ കഴിഞ്ഞ മാസം 28ന് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിരുന്നു.
ടോയ്‌ലറ്റുകളില്‍ സിസിടിവി കാമറയുണ്ടെങ്കില്‍ അതു പിന്‍വലിക്കണമെന്നും അന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇതേ ഉത്തരവ് പള്ളിക്കല്‍ പിയുപിഎസ്എം സ്‌കൂളിനും ബാധകമാണെന്ന് ഇന്നലെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സ്‌കൂളുകളില്‍ സിസിടിവി കാമറ സ്ഥാപിക്കുന്നത് വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് 2017 സപ്തംബര്‍ 13ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂളുകളില്‍, പ്രത്യേകിച്ച് ക്ലാസ് മുറികളില്‍ സിസിടിവി കാമറ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറും 2017 നവംബര്‍ 19ന് ഉത്തരവിറക്കി. ഈ വര്‍ഷം മുതല്‍ ഉത്തരവ് ശക്തമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കി. ഇതിനെ തുടര്‍ന്ന് സിസിടിവി കാമറകള്‍ പിന്‍വലിക്കണമെന്ന് ഡിഇഒ സ്‌കൂളിന് വാക്കാല്‍ നിര്‍ദേശം നല്‍കി. ഇതിനെ ചോദ്യംചെയ്താണു ഹരജി.
സ്‌കൂളില്‍ സിസിടിവി സ്ഥാപിച്ചിട്ട് കാലം കുറേയായെന്ന് പത്മകുമാരി വാദിച്ചു. വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കു വേണ്ടിയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്്.
ക്ലാസ് മുറികളില്‍ ഇപ്പോള്‍ പ്രൊജക്റ്റര്‍, ലാപ്‌ടോപ്പ് തുടങ്ങി ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഉപകരണങ്ങളുണ്ട്. ഇവ മോഷണം പോവാതെ നോക്കേണ്ടതുണ്ട്. ക്ലാസ് റൂം, വരാന്ത, ലൈബ്രറി, ഓഡിറ്റോറിയം, മൈതാനം എന്നിവിടങ്ങളില്‍ മാത്രമേ കാമറ സ്ഥാപിച്ചിട്ടുള്ളൂ. സ്‌കൂളിലേക്കുള്ള മയക്കുമരുന്നു മാഫിയയുടെ കടന്നുകയറ്റം തടയാനും സിസിടിവി കാമറ അനിവാര്യമാണ്. കുറ്റകൃത്യങ്ങള്‍ നേരിടാനെന്നു പറഞ്ഞ് പൊതുഇടങ്ങളില്‍ സര്‍ക്കാര്‍ തന്നെ കാമറകള്‍ സ്ഥാപിക്കുന്നുണ്ട്. സ്‌കൂളുകളിലെ കാമറ വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നത് എങ്ങനെയാണെന്നും ഹരജിക്കാരി ചോദിക്കുന്നു.
Next Story

RELATED STORIES

Share it