Flash News

സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധം : ഹൈക്കോടതി സര്‍ക്കാര്‍ നിലപാട് തേടി



കൊച്ചി: സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടു തേടി. 10 ദിവസത്തിനുശേഷം ഹരജി  വീണ്ടും പരിഗണിക്കും. കാസര്‍കോടിന് ഭാഷാ ന്യൂനപക്ഷ ജില്ലയെന്ന പദവിയുണ്ടെന്നും കന്നട ഭാഷ പ്രചാരത്തിലുള്ള ജില്ലയിലെ കുട്ടികളെ മലയാളം പഠിക്കാന്‍ നിര്‍ബന്ധിക്കുന്നത് ഇതിനു വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ദ്യുതി പി ഷെട്ടി എന്ന വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്നുപേരാണ് ഹരജി നല്‍കിയത്. ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്കു പുറമേ മാതൃഭാഷയോ പ്രാദേശിക ഭാഷയോ പഠിക്കാമെന്നായിരുന്നു നിലവില്‍ ഉണ്ടായിരുന്ന വ്യവസ്ഥ. എന്നാല്‍, ഇതില്‍ മാറ്റം വരുത്തി നിര്‍ബന്ധമായും മലയാളം പഠിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് അപ്രായോഗികവും ഭരണഘടനാ ലംഘനവുമാണെന്ന് ഹരജിയില്‍ പറയുന്നു. മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ നാലാമതൊരു ഭാഷ കൂടി പഠിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇത്തരത്തില്‍ നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളിലാണ് മലയാളം പഠനം നിര്‍ബന്ധമാക്കിയിട്ടുള്ളത്. നിര്‍ദേശം ലംഘിക്കുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കെതിരേ പിഴ ചുമത്തുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. എന്നാല്‍, ഇതിലൊന്നും വ്യക്തത ഇല്ലെന്നും ഹരജിയില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it