സ്‌കൂളുകളില്‍ അനധികൃത വ്യാപാരം വേണ്ടെന്ന് സര്‍ക്കാര്‍

സി എ സജീവന്‍

കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകളില്‍ അനധികൃത വ്യാപാരം വേണ്ടെന്ന് സര്‍ക്കാര്‍. സിബിഎസ്ഇ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും നടക്കുന്ന അനധികൃത വ്യാപാരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ നിര്‍ദേശിച്ചിരിക്കുന്നത്.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ പരാതിയിലാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്‌കൂളുകളില്‍ ലഭിച്ചു. സര്‍ക്കാര്‍-എയ്ഡഡ്-അണ്‍എയ്ഡഡ്-സിബിഎസ്ഇ-കെഎസ്ഇ സ്‌കൂളുകളില്‍ യാതൊരുവിധ കച്ചവടവും നടത്താന്‍ പാടില്ലെന്ന് ഡിപിഐയുടെ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
മാത്രമല്ല, സ്‌കൂള്‍ സ്റ്റോറുകളില്‍ നിന്നു കുട്ടികളെയും രക്ഷിതാക്കളെയും നിര്‍ബന്ധിപ്പിച്ച് സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവ് തുടരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും ഇത്തരത്തിലുള്ള കച്ചവടത്തെക്കുറിച്ച് അത്ര ഗൗരവമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നില്ല.
എന്നാല്‍, ഭൂരിപക്ഷം സ്‌കൂളുകളിലും സ്റ്റോറുകളുടെ പ്രവര്‍ത്തനം ഫലപ്രദമല്ല. പ്രത്യേകിച്ചും അണ്‍ എയ്ഡഡ്-സിബിഎസ്ഇ സ്‌കൂളുകളില്‍ നടക്കുന്ന നിയമവിരുദ്ധ വ്യാപാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കോടിക്കണക്കിനു രൂപയുടെ വ്യാപാരം നടക്കുമ്പോഴും യാതൊരുവിധ നികുതിയും സര്‍ക്കാരിനു ലഭിക്കുന്നില്ല. മാത്രമല്ല, ബില്ല് അടക്കമുള്ള യാതൊരു രേഖകളും നല്‍കാതെയാണ് സ്‌കൂളുകളില്‍ കച്ചവടം നടന്നിരുന്നത്.
കുട്ടികളുടെ ഭാവിയെ ബാധിക്കുമോയെന്ന പേടിമൂലം രക്ഷിതാക്കളാരും തന്നെ ഇതിനെതിരേ പരസ്യമായി രംഗത്തുവരാന്‍ ധൈര്യപ്പെട്ടിരുന്നുമില്ല. ഇക്കാരണത്താല്‍ സ്‌കൂളധികൃതര്‍ ആവശ്യപ്പെടുന്ന തുക നല്‍കി കുട്ടികള്‍ക്ക് യൂനിഫോമും ബാഗുകളും പുസ്തകങ്ങളും നോട്ട്ബുക്കുകളടക്കമുള്ള സാധനങ്ങളും വാങ്ങേണ്ടിവരുന്ന നിലയാണ്. ഇതു സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കിയിരുന്നു.
മിക്ക സ്‌കൂളുകളിലും കമ്മീഷന്‍ മാത്രം അടിസ്ഥാനമാക്കിയായിരുന്നു സാധനസാമഗ്രികള്‍ നിശ്ചയിച്ചിരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇവയുടെ യാതൊരുവിധ ഗുണനിലവാര പരിശോധനയും നടത്തിയിരുന്നുമില്ല. സമീപപ്രദേശത്തെ നിരവധി കച്ചവടസ്ഥാപനങ്ങളെയും ഇത്തരത്തിലുള്ള സ്‌കൂളുകളിലെ അനധികൃത കച്ചവടം ബാധിച്ചിരുന്നു.  ഇതേത്തുടര്‍ന്നാണ് വ്യാപാരി സമിതി ഈ കച്ചവടത്തിനെതിരേ രംഗത്തുവന്നത്.
Next Story

RELATED STORIES

Share it