ernakulam local

സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നിര്‍മാണോദ്ഘാടനം ഇന്ന്

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് റോജി എം ജോണ്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റോജി എം ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അന്‍വര്‍സാദത്ത് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മുന്‍മന്ത്രി ജോസ് തെറ്റയില്‍,  മുന്‍ എംഎല്‍എ പി ജെ ജോയി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം എ ഗ്രേസി, കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ തുളസി, ജില്ല പഞ്ചായത്ത് അംഗം സാംസണ്‍ ചാക്കോ സംസാരിക്കും.
ബ്ലോക്ക് പഞ്ചായത്തും കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ പഞ്ചായത്തുകളും സംയുക്തമായി സംഘടിപ്പിച്ച ഗ്രാമോത്സവത്തിന്റെ സമാപനവും ഇതോടനുബന്ധിച്ചു നടക്കും. രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍ ലഭിച്ച തിരുവനന്തപുരം വിജിലന്‍സ് ഡിവൈഎസ്പി ഇ.എന്‍. സുരേഷ്, മുഖ്യമന്ത്രിയുടെ മെഡല്‍ കരസ്ഥമാക്കിയ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ പി.എല്‍. ജോസ് തുടങ്ങി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.
നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മന്ദിരത്തിന്റെ മുകളില്‍ രണ്ടാം നിലയിലായിട്ടാണ് സ്‌കില്‍സ് എക്‌സലന്‍സ് സെന്റര്‍ നിര്‍മിക്കുന്നത്. 1956 ല്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ കല്ലിട്ട് നിര്‍മിച്ച ആദ്യകെട്ടിടത്തോട് ചേര്‍ന്ന് പിന്നീട് വിവിധ ഘട്ടങ്ങളിലായി കെട്ടിടങ്ങള്‍ പണിയുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ പണിത കെട്ടിടങ്ങളെ സംയോജിപ്പിച്ച് 6972 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ട്രെസ്‌വര്‍ക്ക് നടത്തിയാണ് രണ്ടാം നില സജ്ജമാക്കുന്നത്. രണ്ടാം നിലയില്‍ പ്രവേശിക്കുന്നതിന് ലിഫ്റ്റും ഏര്‍പ്പെടുത്തും. ആധുനിക പഠനസങ്കേതങ്ങളോടെയുള്ള പഠനമുറികളും കോണ്‍ഫറന്‍സ് ഹാളുകളുമാണ് രണ്ടാം നിലയില്‍ പുതുതായി സജ്ജീകരിക്കുന്നതെന്ന് പ്രസിഡന്റ് പി ടി പോള്‍, കണ്‍വീനര്‍ ടി എം വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ പിഎസ്‌സി കോച്ചിങ് ഉള്‍പ്പെടെ വിവിധ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലന പരിപാടികള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങാതെ നടന്നു വരുന്നു. നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം നടത്തുന്നതിനുള്ള സൗകര്യവും സജ്ജമാകും. റോജി എം ജോണ്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1 കോടി 80 ലക്ഷം രൂപയാണ് നിര്‍മാണത്തിന് അനുവദിച്ചിട്ടുള്ളത്. സ്‌കില്‍സ് എക്‌സലന്‍സ് സെന്ററിനോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് മന്ദിരത്തിന്റെ ആധുനികവത്കരണവും നടക്കും. ദേശീയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലി പട്ടണത്തെ സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളുടെ പരിശീലന ഹബ്ബാക്കി മാറ്റുകയാണ് പ്രോജക്റ്റിന്റെ ലക്ഷ്യമെന്ന് റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it