സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണം അപലപനീയം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേര്‍ക്ക് നടന്ന ആക്രമണം അപലപനീയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. നിയമം കൈയിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിപ്രായഭിന്നതയുണ്ടെങ്കില്‍ അതിനെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അല്ലാതെ ആക്രമണം കൊണ്ട് നേരിടുന്നത് ഫാഷിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആക്രമണത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് അപലപിച്ചു. സംഘപരിവാരത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ആക്രമിച്ച് അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ഉത്തരവാദികളെ ഏറ്റവും വേഗം പിടികൂടണമെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആവശപ്പെട്ടു. മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യാന്‍ സംഘപരിവാരം എന്ത്—ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ്—സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേര്‍ക്കു നടന്ന ആസൂത്രിത ആക്രമണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സ്വാമി സന്ദീപാനന്ദഗിരിയെ സന്ദര്‍ശിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആശ്രമത്തിനു നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ചു. സ്വതന്ത്രമായും നിര്‍ഭയമായും സംസാരിക്കാനുള്ള അവകാശം ഭരണഘടനാദത്തമാണെന്നും അതിനു നേരെ നടക്കുന്ന കൈയേറ്റം ജനാധിപത്യ ധ്വംസനമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
സ്വാമി സന്ദീപാനന്ദഗിരിക്കു നേരെ നടന്ന ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്ന് ആരോഗ്യ സാമൂഹികനീതി വനിതാ ശിശു വികസന മന്ത്രി കെ കെ ശൈലജയും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും അറിയിച്ചു. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറ ഞ്ഞു.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ സന്തോഷിപ്പിക്കാനാണ് സന്ദീപാനന്ദ ഗിരിയുടെ വീടിനു നേരെ നടന്ന ആക്രമണമെന്നു മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും അറിയിച്ചു.

Next Story

RELATED STORIES

Share it