Flash News

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈം ബ്രാഞ്ചിന്



തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിലവിലെ അന്വേഷണസംഘത്തെക്കുറിച്ച് പെണ്‍കുട്ടി പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബലാല്‍സംഗശ്രമം ചെറുക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ രഹസ്യമൊഴി. എന്നാല്‍ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റിപ്പറയുന്ന സാഹചര്യമുണ്ടായി. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന പേട്ട പോലിസിനെതിരേ പെണ്‍കുട്ടി ആക്ഷേപം ഉന്നയിക്കുകയും മൊഴിമാറ്റം വരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേസ് സംബന്ധിച്ച എല്ലാ പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അതേസമയം, ആക്രമണസമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ഫോറന്‍സിക് ഫലത്തില്‍ പീഡനം നടന്നതിന്റെ തെളിവ് കണ്ടെത്താനായില്ല.  സ്വാമിയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധിപറയാനിരിക്കെയാണ് സ്വാമിയുടെ നിരപരാധിത്വം തെളിയിക്കുന്ന പല വെളിപ്പെടുത്തലുകളുമുണ്ടായതെന്നും ശ്രദ്ധേയമാണ്. പ്രതിഭാഗം അഭിഭാഷകന്‍ പുറത്തുവിട്ട പെണ്‍കുട്ടിയുടെ കത്തും ഫോണ്‍ സംഭാഷണവും പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ ഹരജിയുമെല്ലാം സംഭവത്തിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുകയാണ്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പെണ്‍കുട്ടിയെ സ്വാമിയുടെ ഇടനിലക്കാര്‍ സ്വാധീനിച്ചുവെന്നാണ് പോലിസിന് ലഭിക്കുന്ന വിവരം. സ്വാമിയുടെ നിരപരാധിത്വം പ്രഖ്യാപിച്ച് പെണ്‍കുട്ടി പരസ്യമായി രംഗത്തുവന്നത് അന്വേഷണസംഘത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസ് വിശദമായ അന്വേഷണത്തിലേക്കു നീങ്ങുകയാണ്. അയ്യപ്പദാസെന്നയാളുടെ പ്രേരണയാല്‍ സ്വാമിയെ ആക്രമിച്ചെന്ന് പറയുന്ന പെണ്‍കുട്ടിയുടെ ഫോണ്‍സംഭാഷണം പോലിസ് ഫോറന്‍സിക് പരിശോധനയ്ക്കയക്കും. പെണ്‍കുട്ടിക്കും അയപ്പദാസിനുമെതിരേ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയ്യപ്പദാസിന്റെ സഹായത്തോടെ പെണ്‍കുട്ടി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയതിന്റെ തെളിവുകളും പോലിസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയെ നുണപരിശോധനയും വൈദ്യപരിശോധനയും നടത്തണമെന്ന് പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടത്. കൃത്യ നിര്‍വഹണത്തിന് അയ്യപ്പദാസിന്റെ സഹായമുണ്ടായിരുന്നുവെന്ന പെണ്‍കുട്ടിയുടെ വാദം വാസ്തവവിരുദ്ധമാണെന്നും പോലിസ് കണ്ടെത്തി. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പദാസ് തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവത്തിനു മുമ്പും ശേഷവും നിരവധിതവണ പെണ്‍കുട്ടി അയ്യപ്പദാസിനെ ഫോണില്‍ വിളിച്ചെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം പോലിസിന് ലഭിച്ചത്.
Next Story

RELATED STORIES

Share it