സ്വാതന്ത്ര്യസമര സേനാനി സി കെ ഓമന അന്തരിച്ചു

കൊച്ചി: സ്വാതന്ത്ര്യസമര സേ നാനിയും മഹിളാസംഘം നേ താവുമായിരുന്ന സി കെ ഓമന(82) അന്തരിച്ചു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് സി കെ വിശ്വനാഥന്റെ ഭാര്യയും മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ്. എറണാകുളം പാലാരിവട്ടത്തെ ചേലാട്ട് വീട്ടിലായിരുന്നു അന്ത്യം.
സാമൂഹികപ്രവര്‍ത്തകനും സ്വതന്ത്ര സമുദായം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായിരുന്ന ഇ മാധവന്റെയും കൗസല്യയുടെയും മകളാണ്. വിദ്യാര്‍ഥിജീവിതകാലം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. വിദ്യാര്‍ഥി ഫെഡറേഷന്റെയും ഫെഡറേഷന്‍ നിരോധിക്കപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ അവകാശ സമ്പാദന സമിതിയുടെയും നേതാവായി. വൈക്കം ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിനി ആയിരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഒളിവിലായിരുന്ന നേതാക്കളുടെ സന്ദേശങ്ങള്‍ കൈമാറാനുള്ള ടെക്ക് സംവിധാനത്തിന്റെ ഭാഗമായായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. തുടര്‍ന്ന് കയര്‍, കര്‍ഷക, ചെത്തുതൊഴിലാളികളുടെ സമരങ്ങളില്‍ പങ്കെടുത്തു. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് വെള്ളൂരിലെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ കമ്മൂണിസ്റ്റ് നേതാക്കളായ പി കൃഷ്ണപിള്ള, എം എന്‍ ഗോവിന്ദന്‍ നായര്‍, സി അച്യുതമേനോന്‍, പി ടി പുന്നൂസ്, കെ വി പത്രോസ്, സി ജി സദാശിവന്‍, കോട്ടയം ഭാസി തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയ ശിക്ഷണത്തിലൂടെ ഉറച്ച കമ്മ്യൂണിസ്റ്റായി. ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
1952ലാണ് കമ്മ്യൂണിസ്റ്റ് നേതാവും വൈക്കം എംഎല്‍എയുമായ സി കെ വിശ്വനാഥനുമായുള്ള വിവാഹം. അന്ന് ഓമന വിദ്യാര്‍ഥി ഫെഡറേഷന്റെ സംസ്ഥാന നേതാക്കളിലൊരാളായിരുന്നു. പിന്നീട് മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. വൈക്കം താലൂക്ക് ദേശീയ മഹിളാ സംഘം രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1957ല്‍ ഖാദി ബോര്‍ഡ് അംഗമായിരുന്നു.
1962ല്‍ പാര്‍ട്ടി അനുമതിയോടെ എല്‍ഐസി ഡെവലപ്‌മെന്റ് ഓഫിസറായി ജോലി ആരംഭിച്ചു. ഡെവലപ്‌മെന്റ് ഓഫിസര്‍മാരുടെ നാഷനല്‍ ഫെഡറേഷന്റെ ദേശീയ നേതാക്കളിലൊരാളായിരുന്നു. മറ്റു മക്കള്‍: ബീന കോമളന്‍, പരേതനായ ബിനോദ് വിശ്വം. മരുമക്കള്‍: കെ ജി കോമളന്‍, ഷൈല സി ജോര്‍ജ്, നജി കെ. സഹോദരങ്ങള്‍: സി എം തങ്കപ്പന്‍, സി കെ തുളസി, സി കെ ലില്ലി, സി കെ സാലി, സി എം ബേബി, സി എം ജോയ്.
Next Story

RELATED STORIES

Share it