സ്വവര്‍ഗരതി: കേന്ദ്രത്തിന്റെ ആവശ്യം തള്ളി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ വാദം തുടങ്ങുന്നത് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീല്‍ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നടപടി.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉചിതമായ മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും അതുവരെ ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍ ബാലസുബ്രഹ്മണ്യന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, ഇക്കാര്യം ബെഞ്ച് അംഗീകരിച്ചില്ല. എന്നാല്‍, തങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നു മുതല്‍ വാദം കേള്‍ക്കുമെന്നായിരുന്നു കോടതിയുടെ മറുപടി. കേസ് മാറ്റിവയ്ക്കാനാവില്ലെന്നും വാദത്തിനിടെ നിങ്ങള്‍ക്ക് ആവശ്യമുള്ള മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാമെന്ന് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
ചീഫ്ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ആര്‍ എഫ് നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
2009ല്‍ ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഈ വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് 2013ല്‍ സുപ്രിംകോടതി ഡല്‍ഹി ഹൈക്കോടതിയുടെ വിധി റദ്ദാക്കി. നിയമം ഭേദഗതി ചെയ്യുകയോ അല്ലെങ്കില്‍ പിന്‍വലിക്കാനോ ഉള്ള അവകാശം പാര്‍ലമെന്റിനാണ് എന്നായിരുന്നു സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്.
Next Story

RELATED STORIES

Share it