thiruvananthapuram local

സ്വര്‍ണപ്പണിയില്ല; പരമ്പരാഗത തൊഴിലാളികള്‍ മേഖല ഉപേക്ഷിക്കുന്നു

ബാലരാമപുരം: പിതാമഹന്‍മാര്‍ കൈമാറിയ പട്ടറയും ഉമിയോടും ഉലകൊരടും കുഴലും ചുറ്റികയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന തട്ടാന്‍ ഇവയെല്ലാം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. തങ്കത്തെ ഉലയിലുരുക്കി പതം വരുത്തി വിസ്മയകരമായ മനോഹര ആഭരണങ്ങള്‍ ഉണ്ടാക്കി തന്നിരുന്ന ഒരു തലമുറ ഇവിടെ അന്യം നില്‍ക്കാന്‍ പോവുകയാണ്.  പ്രപിതാമഹന്‍മാര്‍ നെഞ്ചിലേറ്റി താലോലിച്ച് അനുഗാമികള്‍ക്ക് പകര്‍ന്ന് നല്‍കിയ ഒരു കല കൂടിയാണ് ഇതോടെ അസ്തമിക്കുന്നത്. ഗ്രാമങ്ങളില്‍ സ്വര്‍ണപ്പണിയില്ലാതായതോടെയാണ് പരമ്പാരഗത തൊഴിലാളികള്‍ പട്ടിണിയിലായത്.
ദിവസവും ഈ മേഖല വിടുന്നവര്‍ അനവധി. പരമ്പാരഗതമായി പഠിച്ച തൊഴിലല്ലാതെ മറ്റൊന്നും അറിയാതെ ജീവിതം വഴിമുട്ടിയപ്പോള്‍  ആത്മഹത്യയില്‍ അഭയം തേടിയവരുമുണ്ട്്. ലോട്ടറി വില്‍പ്പനയും പെയിന്റിങ് തൊഴില്‍ മേഖലയിലേക്കു മാറിയവരുമുണ്ട്്. സാധ്യത ഇല്ലാതായതോടെ പുതു തലമുറ പൂര്‍ണമായും വഴിമാറി സഞ്ചരിച്ചു. പത്താം വയസ്സില്‍ കുലത്തൊഴില്‍ പഠിച്ച് 17ാം വയസ്സ് മുതല്‍ സ്വന്തമായി തൊഴില്‍ ആരംഭിച്ച ബാലരാമപുരം മുടവൂര്‍പ്പാറയില്‍ വാടക വീട്ടില്‍ കഴിയുന്ന എസ്‌കെ മുരുകന്‍ ആചാരി (54) രംഗം വിടാന്‍ ഒരുങ്ങുകയാണ്.
വിഴിഞ്ഞം കാരനായ മുത്തച്ഛന്‍ കോലപ്പന്‍ ആചാരിയുടെയും അച്ഛന്‍ ശാസ്താംകണ്ണ് ആചാരിയുടെയും പാത പിന്തുടര്‍ന്ന് കരവിരുത് കരഗതമാക്കിയ മുരുകന്‍ ആചാരി മെയ് മാസത്തോടെ മനസ്സില്ലാ മനസ്സോടെ രംഗം വിടാന്‍ ആലോചിക്കുകയാണ്. ഗ്രാമങ്ങളിലെ കടകള്‍ രാവിലെ തുറന്ന്് വൈകീട്ട്്് അഞ്ചോടെ അടച്ച് ഒഴിഞ്ഞ കീശയുമായി മടങ്ങുകയാണ് ഈ രംഗത്തുള്ളവര്‍.പത്ത് വര്‍ഷം മുമ്പാണ് സ്വര്‍ണപ്പണിയെ പ്രതിസന്ധി പിടികൂടി തുടങ്ങിയത്.
മുന്‍ കാലങ്ങളില്‍ വീടുകളില്‍ പണിയായുധങ്ങളുമായി ചെന്നിരുന്ന് ആഭരണങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. പിന്നീട് പട്ടറകള്‍ സ്ഥാപിച്ച് കട മുറികള്‍ മിനി ആഭരണ നിര്‍മാണ ശാലകളായി മാറി. 22 കാരറ്റ് സ്വര്‍ണം  916 ലേക്ക് മാറിയതോടെ തട്ടാന്റെ ദുരിതകാലവും ആരംഭിച്ചു.വന്‍കിട ജ്വല്ലറി ഉടമകള്‍ 916ന്റെ കുത്തകകളായി തീര്‍ന്നതോടെ തട്ടാന്‍ നിര്‍മിച്ച് നല്‍കുന്ന 916 ആഭരണങ്ങള്‍ മായം കലര്‍ന്നതാണെന്ന പ്രചാരണവും ജനം വിശ്വസിച്ചു. തട്ടാനെ വീട്ടില്‍ ക്ഷണിച്ച് വരുത്തി ദക്ഷിണ നല്‍കി കാതു കുത്താനും താലിക്ക് പൊന്നുരുക്കാനും ജനം മറന്നു.
ഹൈന്ദവ ആചാരങ്ങളായിരുന്ന കാത് കുത്തും മൂക്ക് കുത്തും താലിക്ക് പൊന്നുരുക്കും ജനം ഉപേക്ഷിച്ചതോടെ തട്ടാന്റെ മറ്റൊരു വാതിലും അടഞ്ഞു. പൊട്ടിയ സ്വര്‍ണാഭരണങ്ങള്‍ വിളക്കി ചേര്‍ക്കാന്‍ വന്നിരുന്നവര്‍ അവ വിറ്റ് പുതിയവ വാങ്ങാന്‍ തുടങ്ങിയതോടെ അതും നിലച്ചു. തൃശ്ശൂര്‍,മുംബൈ,മധുര തുടങ്ങിയ സ്ഥലങ്ങളിലെ വന്‍കിട ആഭരണ നിര്‍മാണശാലകളില്‍ നിന്നും റെഡിമേയ്ഡ് ആഭരണങ്ങള്‍ ജ്വല്ലറികളില്‍ ഒഴുകി തുടങ്ങിയതോടെ സ്വര്‍ണപ്പണിക്കാരന്റെ സ്വപ്‌നവിളക്കിലും കരുംതിരി കത്തിത്തുടങ്ങി.
Next Story

RELATED STORIES

Share it