palakkad local

സ്വന്തമായി വീടില്ലാതെ വലയുന്നവര്‍ക്കായി ഫഌറ്റൊരുക്കാന്‍ പട്ടാമ്പി നഗരസഭ

എം വി വീരാവുണ്ണി

പട്ടാമ്പി: സ്വന്തമായി വീടില്ലാതെ വലയുന്നവര്‍ക്കായി പട്ടാമ്പി നഗരസഭ ഒന്നിലധികം ഫഌറ്റുകള്‍ നിര്‍മിക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ പാര്‍പ്പിട പദ്ധതി നടപ്പാക്കുക. അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണത്തിനായി കള്ളിക്കാട്ട് ഒരേക്കര്‍ സ്ഥലവും കൊടലൂരില്‍ 40 സെന്റ് സ്ഥലവും നഗരസഭ സര്‍ക്കാറിന് കൈമാറാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ കെ പി ബാപ്പുട്ടി പറഞ്ഞു. ഒരു വീടിന് ഒരുസെന്റ് എന്ന കണക്കിന് ഒരേക്കര്‍ നാല്‍പത് സെന്റ് സര്‍ക്കാറിലേക്ക് കൈമാറിയാല്‍ ഇപ്പോള്‍ ആവശ്യമായ 140 വീട് നിര്‍മാണശേഷം നല്‍കാനാണ് ഉപഭോകാക്താക്കള്‍ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് നിലകളിലായാണ് ഫഌറ്റ് നിര്‍മിക്കുക. സ്ഥലം രേഖാമൂലം സര്‍ക്കാറിന് കൈമാറുന്നതോടെ നിര്‍മാണ പ്രവര്‍ത്തനത്തിനാവശ്യമായ 90 ശതമാനം സംഖ്യ സംസ്ഥാന സര്‍ക്കാരില്‍ നിന്നും നഗരസഭക്ക് ലഭിക്കും. ബാക്കി വരുന്ന 10 ശതമാനം തുക നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും അനുവദിക്കും. അതേസമയം അപ്പാര്‍ട്ട്‌മെ ന്റ് നിര്‍മാണം സര്‍ക്കാരാണോ നഗരസഭയാണോ നിര്‍വഹിക്കേണ്ടത് എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സര്‍ക്കാരാണ് അപ്പാര്‍ട്ട്‌മെന്റ് നിര്‍മാണം നടത്തുന്നതെങ്കില്‍ നഗരസഭയുടെ വിഹിതമായ പത്ത് ശതമാനം സംഖ്യ മുന്‍കൂറായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് കൈമാറേണ്ടി വരും.  കൂടുതല്‍ അപേക്ഷകര്‍ വരുന്നപക്ഷം അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് നഗരസഭയുടെ കഴിഞ്ഞ യോഗത്തില്‍ തീരുമാനമെടുത്തത്. നഗരസഭയുടെ പരിധിക്കുളളില്‍ താമസിക്കുന്ന വാസയോഗ്യമല്ലാത്ത സ്ഥലത്തുളളവര്‍ക്ക് 100 ശതമാനം സൗജന്യമായാണ് ഫഌറ്റുകള്‍ അനുവദിക്കുക.  അതേസമയം ഇപ്പോള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന രണ്ട് ഫഌറ്റുകള്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കീഴായൂര്‍ നമ്പ്രം റോഡില്‍ പുഴയോരത്തുളള സ്ഥലത്തേക്ക് മാറ്റണമെന്ന നിര്‍ദ്ദേശവും സജീവമായി ഉയരുന്നുണ്ട്.
Next Story

RELATED STORIES

Share it