സ്വച്ഛ് ഭാരതിന്റെ പ്രചാരണത്തിന് പാകിസ്താനി ബാലികയുടെ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ ലഘുലേഖയുടെ പുറംചട്ടയില്‍ പാകിസ്താനി ബാലികയുടെ ചിത്രം അച്ചടിച്ചത് വിവാദത്തില്‍. ബിഹാറിലെ ജമൂയി ജില്ലാ ഭരണകൂടം പുറത്തിറക്കിയ ലഘുലേഖയുടെ കവര്‍ ചിത്രമാണു വിവാദമായിരിക്കുന്നത്. പാകിസ്താന്‍ ബാലികയുടെ കവര്‍ചിത്രമുള്ള 5000ലധികം ലഘുലേഖകളാണ് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ അച്ചടിച്ച് വിതരണം ചെയ്തത്.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി  നടപ്പാക്കുന്ന സ്വച്ഛ് ജമൂയി സ്വസ്ഥ് ജമൂയി പദ്ധതിയുടെ പ്രചാരണത്തിനായാണു ലഘുലേഖ തയ്യാറാക്കിയത്. ഇതിന്റെ കവറില്‍ പാകിസ്താന്‍ പതാക വരയ്ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് മുദ്രണം ചെയ്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുള്ള ബോധവല്‍ക്കരണത്തിനായി പാകിസ്താനില്‍ നടത്തിയ പ്രചാരണത്തില്‍ യൂനിസെഫ് ഉപയോഗിച്ച ചിത്രമാണ് ബിഹാറിലെ ബിജെപി-ജെഡിയു സര്‍ക്കാര്‍ കോപ്പിയടിച്ചത്.
സംഭവം വിവാദമായതോടെ ജമൂയി ജില്ലാ മജിസ്‌ട്രേറ്റ് സുധീര്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവിച്ചത് വലിയ തെറ്റാണ്. അച്ചടിച്ച് വിതരണം ചെയ്യുന്ന സമയത്ത് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല. മുന്‍ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന ഡോ. കൗശല്‍ കിഷോറാണ് പുസ്തകങ്ങള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയത്- സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ച ഇപ്പോഴത്തെ ജമൂയി ജില്ലാ മജിസ്‌ട്രേറ്റ് സുധീര്‍കുമാര്‍ പറഞ്ഞു. പട്‌നയിലെ സുപ്രവ് എന്റര്‍പ്രൈസസ് ആണ് ലഘുലേഖ അച്ചടിച്ചത്. ചിത്രത്തിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ച ശേഷമാണ് അച്ചടി പൂര്‍ത്തിയാക്കിയതെന്നാണ് സുപ്രവ് എന്റര്‍പ്രൈസസ് വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it