thrissur local

സ്വകാര്യ വ്യക്തികളുടെ കൈയേറ്റം : ചേറ്റുവ പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ നാശത്തിന്റെ വക്കില്‍



ചാവക്കാട്: ചേറ്റുവ പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ സ്വകാര്യ വ്യക്തികളുടെ കൈയേറ്റം മൂലം നാശത്തിന്റെ വക്കില്‍. ചാവക്കാട് താലൂക്കിലെ ഒരുമനയൂര്‍ വില്ലേജില്‍ റവന്യൂ ഭൂമിയില്‍ എട്ടര ഏക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കണ്ടല്‍ക്കാടുകളാണ് അനുദിനം നശിച്ചുകൊണ്ടിരിക്കുന്നത്. നാലു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അവസ്ഥയിലാണ് കണ്ടല്‍ വനങ്ങള്‍. ഈ കണ്ടല്‍ക്കാടുകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.അപൂര്‍വ്വയിനം പക്ഷികളുടെ ആവാസകേന്ദ്രമാണിത്. ഈ പ്രദേശം സംരക്ഷിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി പഴക്കമുള്ളതാണ്. വനംവകുപ്പ് അധികൃതര്‍ ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന നിലപാടാണ് ഇതുവരെ കൈക്കൊണ്ടുപോരുന്നത്. ഈ ആവശ്യം ഉന്നയിച്ച് നാച്വറല്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ ജന. സെക്രട്ടറി രവി പനക്കലിന്റെ നേതൃത്വത്തില്‍ 2014 ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം നടത്തിയിരുന്നു. 2008ല്‍ അന്നത്തെ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം കണ്ടല്‍ക്കാടുകള്‍ നേരിട്ട് സന്ദര്‍ശിച്ച് ഈ പ്രദേശം സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. സ്വകാര്യ വ്യക്തികള്‍ രാഷ്ട്രീയ സ്വാധീനവും സമ്പത്തും ഉപയോഗിച്ച് ആസൂത്രിതമായി കണ്ടല്‍ക്കാട് പ്രദേശം അവരുടേതാക്കാനുള്ള നീക്കം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പഞ്ചായത്തുതലം മുതല്‍ സംസ്ഥാന സര്‍ക്കാര്‍തലം വരെ ഇതെല്ലാം കണ്ടില്ലെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. റവന്യു ഡിവിഷണല്‍ ഓഫീസര്‍ എ അനില്‍ കുമാര്‍ കണ്ടല്‍ക്കാട് പ്രദേശം സന്ദര്‍ശിച്ച് ടോട്ടല്‍ സ്‌റ്റേഷന്‍ സംവിധാനം ഉപയോഗിച്ച് സര്‍വ്വേ നടത്തി ദ്വീപായി നിലകൊള്ളുന്ന എട്ടര ഏക്കര്‍ കണ്ടല്‍ക്കാട് പ്രദേശം സ്വകാര്യ വ്യക്തികളുടേതല്ലെന്നും റവന്യു ഭൂമിയാണെന്നും കണ്ടെത്തിയിരുന്നു. ഒരുമനയൂര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 256ല്‍ 8.3853 ഏക്കര്‍ ഭൂമിയാണ് കൈയേറിയതായി കണ്ടെത്തിയത്. പിന്നീട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലാന്‍ഡ് റവന്യു കമ്മീഷണറും ഈ പ്രദേശം വനംവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് ഉത്തരവുണ്ടായി. ഇതിനെ തുടര്‍ന്ന് കെഎഫ്ആര്‍.ഐയിലെ ശാസ്ത്രജ്ഞസംഘം സ്ഥലം സന്ദര്‍ശിച്ചു. പിന്നീട് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ അയച്ചു. സ്‌റ്റേറ്റ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തില്‍ വിഷയം 2015 ജനവരി 14ന് അജന്‍ഡയായി ചേര്‍ത്തു. പക്ഷേ, പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
Next Story

RELATED STORIES

Share it