സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തൃശൂര്‍: നവംബര്‍ 1 മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്. കേരള ബസ് ഓപറേറ്റഴ്‌സ് ഫെഡറേഷന്‍, കേരള ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍, മറ്റ് സംഘടനാ പ്രതിനിധികള്‍, ഗതാഗത കമ്മീഷണര്‍ കെ പത്മകുമാര്‍, സെക്രട്ടറി ജ്യോതി ലാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബസ് ഉടമകളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു.
കമ്മീഷന്‍ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്നും അനന്തര പ്രക്ഷോഭ നടപടികളിലേക്ക് പോകരുതെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഇത് മാനിച്ചാണ് ബസ്സുടമകള്‍ സമരം പിന്‍വലിച്ചത്. പൊതുഗതാഗത സംവിധാനം തകര്‍ക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. എല്ലാവര്‍ക്കും യഥേഷ്ടം നാഷനല്‍ ടൂറിസ്റ്റ് പെര്‍മിറ്റ് അനുവദിക്കാനുള്ള കേന്ദ്രതീരുമാനം പ്രാദേശിക വാഹന ഓപറേറ്റര്‍മാരെയാണ് സാരമായി ബാധിക്കുക.
ഇതു സംബന്ധിച്ച ഉത്കണ്ഠകള്‍ കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബസ്സുടമകളുമായി വിശദമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെ ബസ്സുടമകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it