Kottayam Local

സ്വകാര്യ ബസ്സില്‍ നിന്നു തെറിച്ചുവീണ് മരണപ്പെട്ട നാഷിദയ്ക്ക് നാട് യാത്രാമൊഴി നല്‍കി

ഈരാറ്റുപേട്ട: സ്വകാര്യ ബസ്സിന്റെ മല്‍സരയോട്ടത്തിനിടെ ബസ്സില്‍ നിന്നു തെറിച്ചുവീണ് മരണപ്പെട്ട വട്ടക്കയത്ത് താഹയുടെ ഭാര്യ നാഷിദയ്ക്ക് നാട് നിറമിഴികളോടെ യാത്രാമൊഴി നല്‍കി. നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി നാഷിദ മരണത്തിനു കീഴടങ്ങിയത് ഏവരെയും ദുഖത്തിലാഴ്ത്തി.
സ്വകാര്യ ബസ് ജീവനക്കാരുടെ അനാസ്ഥമൂലം ഒരു ജീവനും കൂടി നഷ്ടപ്പെട്ടതില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തീക്കോയി റൂട്ടില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് ഗര്‍ഭിണിയായ നാഷിദ തെറിച്ച് വീഴൂകയായിരുന്നു. സംഭവത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നാഷിദ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.
ബസ്സുകളുടെ മല്‍സരയോട്ടമാണ് അപകത്തിന് ഈടയാക്കിയത്. എട്ടു മാസം ഗര്‍ഭിണിയായ നാഷിദ കുട്ടിയുമായി ബസ്സിലെ കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ മല്‍സരയോട്ടം നടത്തുകയായിരുന്ന ബസ്സിന്റെ ഡോര്‍ യാത്രക്കാരെ പെട്ടന്നു കയറ്റുന്നതിനായി തുറന്നിട്ടിരിക്കുകയായിരുന്നു. ഈ സമയം ബസ് തിരിഞ്ഞപ്പോള്‍ നാഷിദ ബസ്സില്‍ നിന്നു തെറിച്ച് റോഡിലേയ്ക്കു വീണ് തലയ്ക്കു ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
ഗര്‍ഭിണിയായ യുവതി ബസ്സില്‍ നില്‍ക്കുന്നതു കണ്ടിട്ടും സഹയാത്രികര്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് കൊടുത്തിരുന്നില്ല. അപകട ദിവസം തന്നെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സിസേറിയനിലൂടെ നാഷിദയുടെ ഉദരത്തില്‍ നിന്നു കുഞ്ഞിനെ പുറത്തെടുത്തു. ആണ്‍കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയത്. 10ഉം അഞ്ചും വയസ്സുള്ള പെണ്‍മക്കളെയും അഞ്ചു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയും വിട്ടിട്ടാണ് നാഷിദ ഈ ലോകത്തോട് വിടപറഞ്ഞത്.
മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. സംഭവത്തെ തുടര്‍ന്ന് സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടത്തിനും അമിത വേഗതയ്ക്കുമെതിരേ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
Next Story

RELATED STORIES

Share it