സ്വകാര്യ ആശുപത്രികളുടെ ലാഭം 1700 ശതമാനം

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികള്‍ 1,700 ശതമാനം വരെ ലാഭമുണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ഡല്‍ഹിയിലെയും തലസ്ഥാനമേഖലയിലെയും പ്രശസ്തമായ നാല് ആശുപത്രികളിലെ ബില്ലുകള്‍ പരിശോധിച്ച് ദേശീയ മരുന്നുവില നിര്‍ണയ അതോറിറ്റി (എന്‍പിപിഎ) പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. അവശ്യവസ്തുക്കള്‍, പരിശോധന, മരുന്നുകള്‍ എന്നിവയാണ് രോഗികളുടെ ബില്ലില്‍ 46 ശതമാനം വരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിപോര്‍ട്ട് പുറത്തുവന്നത്. കൂടിയ എംആര്‍പിയിലൂടെ മരുന്നുനിര്‍മാതാക്കളെക്കാളേറെ ലാഭമുണ്ടാക്കുന്നത് ആശുപത്രികളാണെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.
മരുന്നുകളും ഉപകരണങ്ങളും ആശുപത്രികളിലെ ഫാര്‍മസികളില്‍ നിന്ന് അവര്‍ നല്‍കുന്ന വിലയ്ക്കു തന്നെ വാങ്ങാന്‍ രോഗികള്‍ നിര്‍ബന്ധിതരാവുകയാണെന്നും മിക്ക ആശുപത്രികളും വന്‍തോതില്‍ മരുന്നുകള്‍ വാങ്ങുന്നതിനാല്‍ എംആര്‍പിയില്‍ നിന്നു ലാഭമുണ്ടാക്കുന്നത് എളുപ്പമാണെന്നും എന്‍പിപിഎ പറയുന്നു. കൂടുതല്‍ മരുന്നുകള്‍ വാങ്ങാം എന്ന വാഗ്ദാനം നല്‍കി ആശുപത്രികള്‍ നിര്‍മാതാക്കളോട് എംആര്‍പി കൂട്ടി പ്രിന്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ കൂട്ടിയ എംആര്‍പി പ്രിന്റ്് ചെയ്ത മരുന്നുകളും ഉപകരണങ്ങളും രോഗിക്ക് വലിയ ചെലവാണുണ്ടാക്കുന്നതെന്നും എന്‍പിപിഎ വ്യക്തമാക്കുന്നു.
വിലനിയന്ത്രണങ്ങളില്ലാത്ത മരുന്നുകള്‍ മാത്രം നിര്‍ദേശിച്ച് സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ബില്ലില്‍ വന്‍ തട്ടിപ്പാണു നടത്തുന്നത്. എന്‍പിപിഎ ബില്ല് പരിശോധിച്ചപ്പോള്‍ ഒരു ആശുപത്രി 13.64 രൂപയുടെ കുത്തിവയ്പിന് രോഗിയില്‍ നിന്ന് 189.95 രൂപ ഈടാക്കിയതായി അറിയാന്‍ കഴിഞ്ഞു.
സ്വകാര്യ ആശുപത്രികളുടെ ഇത്തരം നടപടികള്‍ സാധാരണക്കാര്‍ക്ക് ആരോഗ്യസംരക്ഷണം അപ്രാപ്യമാക്കുന്നുവെന്നും ഇതിനെ നേരിടാന്‍ അടിയന്തര ഇടപെടല്‍ അത്യാവശ്യമാണെന്നും റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
Next Story

RELATED STORIES

Share it