സ്വകാര്യകമ്പനിക്ക് ബിവറേജസ് കോര്‍പറേഷന്‍ 75 ലക്ഷം പിഴയിട്ടു

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന് നല്‍കിയ ബിയറില്‍ ക്രമക്കേട് കാണിച്ച സ്വകാര്യകമ്പനിക്ക് പിഴയിട്ടു. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിതരണ കമ്പനിക്കാണ് ബിവറേജസ് കോര്‍പറേഷന്‍ 75 ലക്ഷം രൂപ പിഴയിട്ടത്. സ്വന്തം ബ്രാന്‍ഡുകള്‍ പരമാവധി വിറ്റഴിക്കാന്‍ സപ്ലൈ ഓര്‍ഡറില്‍ തിരുത്തല്‍ വരുത്തിയാണ് ക്രമക്കേട് നടത്തിയത്. നാലു ബ്രാന്‍ഡുകളുടെ വിതരണമാണ് കമ്പനി കരാറെടുത്തിരുന്നത്.
മൂന്ന് മാസത്തിനിടെ 527 തവണ കമ്പനി കോര്‍പറേഷന് ബിയര്‍ വിതരണം ചെയ്തു. ഇതില്‍ 200 തവണയും സ്‌റ്റോക്ക് മറ്റിടങ്ങളിലേക്ക് മറിച്ചുനല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
സ്‌റ്റോക്ക് എത്തിക്കേണ്ട ഗോഡൗണിന്റെ പേരും ബ്രാന്‍ഡും അളവും കോര്‍പറേഷനാണ് വിതരണ കമ്പനികള്‍ക്ക് നല്‍കുന്നത്. ഈ പട്ടിക പ്രകാരമാണ് അതത് ഗോഡൗണുകളില്‍ കമ്പനി മദ്യം എത്തിക്കുന്നത്.
എന്നാല്‍, കോര്‍പറേഷന്‍ നല്‍കിയ പട്ടികയില്‍ ഗോഡൗണിന്റെ പേര് തിരുത്തിയാണ് കമ്പനി ക്രമക്കേട് നടത്തിയത്. കോര്‍പറേഷന്റെ ആസ്ഥാനത്തുള്ള കമ്പനി പ്രതിനിധിയാണ് സപ്ലൈ ഓര്‍ഡര്‍ തിരുത്തി തൃശൂരിലെ കമ്പനിയിലേക്ക് അയച്ചത്. ബിയര്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രദേശങ്ങളില്‍ കമ്പനി വിതരണം ചെയ്യുന്ന ബ്രാന്‍ഡുകള്‍ പരാമവധി എത്തിച്ച് ലാഭം കൊയ്യുകയായിരുന്നു ലക്ഷ്യം.
കമ്പനിയിലുള്ള എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഈ ലിസ്റ്റ് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് സാധനങ്ങള്‍ കയറ്റിവിട്ടത്. എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഈ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് വ്യവസ്ഥ.
എന്നാല്‍, തുടര്‍ച്ചയായി നടത്തിയ തിരുത്തലുകള്‍ ഈ ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് കോര്‍പറേഷന്റെ വിശദീകരണം. കമ്പനിക്കെതിരേ കോര്‍പറേഷന്‍ അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പിഴയിട്ടത്.
Next Story

RELATED STORIES

Share it