Alappuzha local

സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു

മണ്ണഞ്ചേരി: സിപിഎം നേതാവും മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തംഗവുമായ എസ് നവാസ് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയതായി നവാസ് പറഞ്ഞു. എല്‍ഡിഎഫ് ധാരണ പ്രകാരം ആദ്യ രണ്ടരവര്‍ഷം നവാസിനും അതിനുശേഷമുള്ള രണ്ടര വര്‍ഷം മണ്ണഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗമായ ശുഭകനുമാണ് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം തീരുമാനിച്ചിരുന്നത്.
എന്നാല്‍ രണ്ടരവര്‍ഷം പിന്നിട്ടിട്ടും നവാസ് സ്ഥാനം ഒഴിയാന്‍ തയ്യാറായില്ല. എല്‍ഡിഎഫ് ധാരണയനുസരിച്ച് ആദ്യരണ്ടുവര്‍ഷം പഞ്ചായത്ത് പ്രസിഡന്റ് പദവി സിപിഐക്കും തുടര്‍ന്നുള്ള മൂന്നുവര്‍ഷം സിപിഎമ്മിനുമാണ് നിശ്ചയിച്ചിരുന്നത്. അതനുസരിച്ച് സിപിഐ അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന തങ്കമണി ഗോപിനാഥ് സ്ഥാനം ഒഴിയുകയും പകരം സിപിഎം നേതാവ് എംഎസ് സന്തോഷ് പ്രസിഡന്റ് പദവി ഏല്‍ക്കുകയും ചെയ്തിരുന്നു.
ഇതുപോലെ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കേണ്ടതായിരുന്നുവെന്ന കടുത്ത നിലപാടിലായിരുന്നു സിപിഎം നേതൃത്വം. എന്നാല്‍ ഈ തീരുമാനം നവാസ് അംഗീകരിക്കാതെ തല്‍ സ്ഥാനത്ത് തുടരുകയായിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ തന്നെ സിപിഎം ജില്ലാ നേതൃത്വം അടിയന്തരമായി യോഗം ചേര്‍ന്ന് നവാസിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. എഗ്രേഡ് പഞ്ചായത്ത് കൂടിയായ മണ്ണഞ്ചേരിയില്‍ ഇരുപത്തിമൂന്നു വാര്‍ഡുകളാണുള്ളത്.
ഒരു അംഗത്തിന്റെ പിന്‍ബലത്തിലാണ് സിപിഎം ഇവിടെ ഭരണം കൈയ്യാളുന്നത്. ഇടതുമുന്നണിക്ക് പന്ത്രണ്ടും കോണ്‍ഗ്രസിന് ഒമ്പതും, എസ്ഡിപിഐക്ക് രണ്ടും അംഗങ്ങളാണുളളത്. പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭരണ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ പ്രസിഡന്റും വൈസ് പ്രസിഡന്റും കൂടി തന്നിഷ്ടപ്രകാരം നടപ്പാക്കുകയാണെന്ന് ആക്ഷേപമുണ്ട്. സിപിഎമ്മിലെ തര്‍ക്കം മറനീക്കി പുറത്തുവന്നതോടെ ഭരണ സമിതിയില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

Next Story

RELATED STORIES

Share it