ernakulam local

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി 380 കോടിയുടെ ടെണ്ടര്‍

കൊച്ചി: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി 380 കോടി രൂപയുടെ ടെണ്ടര്‍ മെയ് 31നകം പൂര്‍ത്തിയാക്കുമെന്ന് കൊച്ചി സ്മാര്‍ട്ട് മിഷന്‍ സിഇഒ എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
ബ്രോഡ്‌വേ നവീകരണം, എറണാകുളം മാര്‍ക്കറ്റിന്റെ നവീകരണം എന്നിവയ്ക്കായിരിക്കും ഇതില്‍ മുഖ്യസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന എറണാകുളം മാര്‍ക്കറ്റ് അടങ്ങുന്ന ഭാഗത്തിന്റെ നവീകരിച്ച രൂപരേഖ കേരള മര്‍ച്ചന്റ്‌സ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ക്കായി വിശദീകരിച്ചു നല്‍കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള നഗരത്തിന്റെ ചെറിയ ഭാഗം എടുത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ഇതിനായി ഫോര്‍ട്ട്‌കൊച്ചിയിലെ ചില ഭാഗങ്ങളും എറണാകുളം മറൈന്‍ഡ്രൈവ് അടങ്ങുന്ന എംജിറോഡ് വരെയുള്ള ചെറിയ ഭാഗവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
2020 മെയ് അവസാനം വരെ 2000 കോടി രൂപയുടെ പദ്ധതികളാണ് ഈ ഭാഗത്ത് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ബ്രോഡ് വെയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും വാക്ക്‌വേ മനോഹരമാക്കുകയും ഡ്രെയിനേജ് ആധുനികവല്‍ക്കരിക്കുകയും കേബിളുകള്‍ പൂര്‍ണമായും ഭൂമിക്കടിയിലാക്കുകയും ചെയ്യും.
പദ്ധതിയുടെ നടത്തിപ്പിനായി മുഴുവന്‍ വ്യാപാരികളുടെയും പിന്തുണ ആവശ്യമാണെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. പദ്ധതിയുടെ രൂപരേഖ ജിസിഡിഎ, കോര്‍പ്പറേഷന്‍, എംപി, എല്‍എല്‍എമാര്‍ എന്നിവരുമായും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്ന ചര്‍ച്ചയില്‍ കെഎംസിസി പ്രസിഡന്റ് വി എ യൂസഫ്,  കെഎംസിസി ജനറല്‍ സെക്രട്ടറി കെ എം മുഹമ്മദ് സഗീര്‍, ജനറല്‍ സെക്രട്ടറി ഇക്ബാല്‍ കല്ലേലില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it