സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന സംശയത്തില്‍ അന്വേഷണസംഘം

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തില്‍ പുതിയ കണ്ടെത്തലുമായി അന്വേഷണസംഘം. സാധാരണ ഉപയോഗിച്ചിരുന്ന ഫോണിനു പുറമെ ജെസ്‌ന മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഈ ഫോണില്‍ ഉപയോഗിച്ചിരുന്ന സിമ്മിന്റെ നമ്പര്‍ കണ്ടെത്താനുള്ള ശ്രമമാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം നടത്തുന്നതെന്നാണു സൂചന.
വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മുമ്പില്‍ ജെസ്‌ന ഉപയോഗിച്ചിരുന്നത് കീ പാഡോട് കൂടിയ സാധാരണ ഫോണാണ്. ഇതില്‍നിന്നാണ് സുഹൃത്തായ യുവാവിനെ വിളിച്ചിരുന്നതും സന്ദേശങ്ങള്‍ അയച്ചിരുന്നതും. സൈബര്‍ സെല്ലിന്റെ ഒരു വിങ് പ്രത്യേക സംഘത്തോട് ചേര്‍ത്തതിനു ശേഷമാണ് അന്വേഷണത്തിന് പുരോഗതിയുണ്ടായത്.
രണ്ടാമതൊരു ഫോണില്ലെന്ന് വീട്ടുകാരും സഹപാഠികളും ഉറപ്പിച്ചുപറയുമ്പോള്‍ ജെസ്‌ന ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണിലെ സന്ദേശങ്ങളില്‍ നിന്നാണ് രണ്ടാമതൊരു ഫോണ്‍ ഉണ്ടാവുമെന്നുള്ള വിവരം പോലിസിനു ലഭിച്ചത്. അന്വേഷണം ശരിയായ ദിശയില്‍ നീങ്ങുകയാണെങ്കില്‍ 10 ദിവസത്തിനകം നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. ജെസ്‌നയെ കാണാതാവുന്ന മാര്‍ച്ച് 22ന് ആറുമാസം മുമ്പ് മുതലുള്ള ടവര്‍ ലൊക്കേഷനുകള്‍ പരിശോധിച്ചിരുന്നു. മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, മുണ്ടക്കയം, പുഞ്ചവയല്‍, കുട്ടിക്കാനം മേഖലകളിലെ ടവറുകളാണ് പരിശോധിച്ചത്. ജെസ്‌ന പതിവായി പോയിരുന്നതും പോയതുമായ വഴികളിലെ ടവറുകളില്‍നിന്നെല്ലാം നമ്പറുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇപ്രകാരം ലഭിച്ച 6000 നമ്പറുകള്‍ ക്രോസ് ഇന്‍വെസ്റ്റിഗേഷനിലൂടെ പത്തില്‍ താഴെയാക്കി മാറ്റി അന്വേഷണം നടത്തും. മുണ്ടക്കയം ബസ്സ്റ്റാന്റിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയാണെന്ന വിശ്വാസത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യേണ്ടവരെ പോലിസ് ചോദ്യംചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. ഒരു ഗുണവുമില്ലാത്ത ഡിജിപിയുടെ പോലിസായതുകൊണ്ടാണ് കേസന്വേഷണം എങ്ങുമെത്താത്തത്.
ജെസ്‌നയെ കാണാതായി നാലുമാസമായിട്ടും ഉത്തരമില്ലാത്ത സാഹചര്യത്തില്‍ എസ്പി ഓഫിസിനു മുന്നില്‍ ഡിസിസി സംഘടിപ്പിച്ച ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷണം സിബിഐക്ക് വിടുകയാണ് ഉചിതം. അന്വേഷണം വഴിതിരിച്ചുവിടാന്‍ ഭരണകക്ഷി നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it