സ്പീക്കറുടെ ഇരട്ടത്താപ്പ് നയത്തിനെതിരേ പ്രതിപക്ഷം

ന്യൂഡല്‍ഹി: രണ്ടാഴ്ചയില്‍ അധികമായി എഐഎഡിഎംകെ അംഗങ്ങള്‍ സഭാ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുമ്പോള്‍ സഭ സുഗമമായി നടത്താനുള്ള ഒരു നീക്കവും നടത്താതെ സഭ പിരിച്ചുവിടുന്ന സ്പീക്കറുടെ നടപടിക്കെതിരേ പ്രതിപക്ഷം. നേരത്തെ, 2015ല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുമ്പോള്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിന് 25 കോണ്‍ഗ്രസ് എംപിമാരെ സുമിത്രാ മഹാജന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ദലിത് ന്യൂനപക്ഷ വിഷയങ്ങളും ഗോസംരക്ഷണത്തിന്റെ പേരിലുള്ള സംഘപരിവാര കൊലപാതകങ്ങളും ചര്‍ച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിനു നോട്ടീസിന് അനുമതി നിഷേധിച്ചതിനെതിരേ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ള ആറു കോണ്‍ഗ്രസ് അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ 15 ദിവസമായി ഇരു സഭാ നടപടികള്‍ തടസ്സപ്പെടുത്തി പ്രതിഷേധം തുടരുന്ന എഐഎഡിഎംകെ അംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്ത സ്പീക്കറുടെ നടപടി സംശയകരമാണെന്നാണു ടിഡിപി, കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നത്. അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതു തടയാന്‍ സര്‍ക്കാര്‍ എഐഎഡിഎംകെയെ ഉപയോഗിക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
Next Story

RELATED STORIES

Share it