സ്പീക്കര്‍ ഇടപെട്ടു; ആധാറില്ലാത്തതിന്റെ പേരില്‍ പഠനം നിഷേധിച്ച കുഞ്ഞുങ്ങള്‍ നാളെ സ്‌കൂളിലേക്ക്

ഫഖ്‌റുദ്ദീന്‍ പന്താവൂര്‍

പൊന്നാനി: ശ്രീവിദ്യയും ശ്രീപ്രിയയും അതിയായ സന്തോഷത്തിലാണ്. കാരണം ഒരിക്കലും നടക്കില്ലെന്നു കരുതിയ ഇവരുടെ സ്‌കൂള്‍ പ്രവേശനമെന്ന സ്വപ്‌നം നാളെ മുതല്‍ യാഥാര്‍ഥ്യമാവുകയാണ്. അതിന് ഇടയായതാവട്ടെ തേജസ് വാര്‍ത്തയും. ആധാറില്ലാത്തതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശനം നിഷേധിച്ച ചങ്ങരംകുളം സംസ്ഥാന പാതയോരത്തെ കുടിലില്‍ കഴിയുന്ന ഇവരെക്കുറിച്ചുള്ള തേജസ് വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സ്പീക്കറുടെ അഡീഷനല്‍ പിഎ പി വിജയന്‍ സംഭവം പൊന്നാനി എംഎല്‍എ കൂടിയായ സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണു കുട്ടികളുടെ സ്വപ്‌നങ്ങള്‍ക്കു നിറങ്ങള്‍ വച്ചത്. പഠനത്തിനു വേണ്ട സൗകര്യം ചെയ്തു കൊടുക്കാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിക്കുകയായിരുന്നു. വര്‍ഷങ്ങളായി സംസ്ഥാന പാതയോരത്ത് ചിയ്യാനൂര്‍പാടത്ത് ടെന്റ് കെട്ടി താമസിച്ച് കല്ലുകൊത്തി ജീവിതം നയിക്കുന്ന ഗുണശേഖരന്‍-വാസന്തി ദമ്പതികളുടെ മക്കളാണ് ശ്രീവിദ്യ എന്ന എട്ട് വയസ്സുകാരിയും ശ്രീപ്രിയ എന്ന നാലര വയസ്സുകാരിയും. ഇവര്‍ക്ക്  ആധാറില്ലാത്തതിന്റെ പേരില്‍ പഠനം മുടങ്ങുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇവരുടെ രണ്ടു വയസ്സുകാരനായ മകന്‍ പനി ബാധിച്ച് ചികില്‍സ ലഭിക്കാത്തതിന്റെ പേരില്‍ മരണപ്പെട്ടിരുന്നു. 45 വര്‍ഷത്തോളമായി ഇവര്‍ കേരളത്തില്‍ വന്നിട്ട്. തലനിവര്‍ത്തി നില്‍ക്കാന്‍ പോലും കഴിയാത്ത തെരുവോരത്തെ ഫഌക്‌സ് ഷീറ്റുകള്‍ കൊണ്ടു മറച്ച ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് ഇവരുടെ താമസം. കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ നോക്കിയപ്പോഴാണ് ആധാര്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും ഇല്ലെന്ന പേരില്‍ മടക്കി അയച്ചത്. ആധാര്‍ കാര്‍ഡെടുക്കാന്‍ ചെന്നപ്പോള്‍ റേഷന്‍ കാര്‍ഡും വേണമെന്നാവശ്യപ്പെടുകയായിരുന്നു. റേഷന്‍ കാര്‍ഡും ഈ കുടുംബത്തിനില്ല. പഠിക്കാന്‍ അതിയായ ആഗ്രഹമുള്ള ഈ കുട്ടികള്‍ക്ക് ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ പ്രവേശനം നിഷേധിച്ച കാര്യം തേജസ് വാര്‍ത്തയാക്കിയതോടെയാണു പഠനം യാഥാര്‍ഥ്യമായത്. നാളെമുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങും. എല്ലാത്തിനും തണലായത് സ്പീക്കറുടെ ഇടപെടലും.
Next Story

RELATED STORIES

Share it