Alappuzha local

'സ്പര്‍ശം 2018' വിജയിപ്പിക്കാന്‍ സാന്ത്വനനിധി സ്വരൂപിക്കും

മുഹമ്മ: ഫെബ്രുവരി 3, 4 തിയ്യതികളില്‍ സികെ ഭാസ്‌ക്കരന്‍ നഗറില്‍ (എബിവിഎച്ച്എസ്എസ്) നടക്കുന്ന സാന്ത്വനം പരിചരണം പ്രവര്‍ത്തകരുടെ സംസ്ഥാനതല മീറ്റ് സ്പര്‍ശം 2018 വിജയിപ്പിക്കാന്‍ ഇന്നും നാളെയും സാന്ത്വന നിധി  സ്വരൂപിക്കും. സംഘാടക സമിതി നേതൃത്വത്തില്‍ 16 വാര്‍ഡുകളിലും 25 വീടിന് ഒരു സ്‌ക്വാഡ് എന്ന നിലയില്‍ പ്രവര്‍ത്തകര്‍ ഫണ്ട് സമാഹരണത്തില്‍ ഏര്‍പ്പെടുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജെ ജയലാല്‍ പറഞ്ഞു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറും മുഹമ്മ ഗ്രാമപ്പഞ്ചായത്തും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമായി 1500 ഓളം ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ കൂട്ടായ്മയില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് ദിനമായി 15ന് ആലപ്പുഴ ബീച്ചില്‍  കിടപ്പ് രോഗികളുടെ സംഗമം നടത്തും.
മുഹമ്മ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും ചിത്രരചന, പോസ്റ്റര്‍ രചന, ഉപന്യാസ മല്‍സരം എന്നിവ സംഘടിപ്പിക്കും.. കൂടാതെ മുഴുവന്‍ വിദ്യാര്‍ഥികളും കുടുംബശ്രീ യൂനിറ്റുകളും ആയിരകണക്കിന് കൈയെഴുത്ത് പോസ്റ്ററുകള്‍ തയ്യാറാക്കി പതിപ്പിക്കും.
സംസ്ഥാന മീറ്റിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇരുചക്രവാഹന വിളംബര ജാഥ നടത്തും.  ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കുടുംബശ്രീ യൂനിറ്റുകളും  പുരുഷ സ്വാശ്രയ സംഘങ്ങളും മറ്റ് സന്നദ്ധ സംഘടനകളും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ബഹുജനങ്ങളും പങ്കെടുക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്രയും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാമജു, കണ്‍വീനര്‍ സി ബി ഷാജികുമാര്‍ , അക്കോമഡേഷന്‍ കമ്മറ്റി കണ്‍വീനര്‍ എ വി ജിതേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it