സ്ഥാപനങ്ങളെല്ലാം പൂട്ടി കുന്നത്തുകളത്തില്‍ ഗ്രൂപ്പ് പാപ്പര്‍ ഹരജി നല്‍കി

കോട്ടയം: ജില്ല കേന്ദ്രീകരിച്ച് സ്വര്‍ണാഭരണ-ചിട്ടി-സാമ്പത്തിക സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് പാപ്പര്‍ ഹരജി സമര്‍പ്പിച്ചു. ജ്വല്ലറി-ചിട്ടി ഫണ്ട് ഉടമ കാരാപ്പുഴ സ്വദേശി വിശ്വനാഥും ഭാര്യയുമാണ് കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി കോട്ടയം സെന്‍ട്രല്‍ ജങ്ഷനിലെ ജ്വല്ലറി അടഞ്ഞുകിടന്നതോടെ നിക്ഷേപകരും ഇടപാടുകാരും നടത്തിയ പരിശോധനയിലാണ് കമ്പനി സാമ്പത്തികമായി തകര്‍ന്നതായും ഉടമകള്‍ പാപ്പര്‍ ഹരജി സമര്‍പ്പിച്ചതായും അറിഞ്ഞത്. സ്ഥാപനത്തിലെ നിക്ഷേപകര്‍ പരാതിയുമായെത്തുമെന്ന് ഉറപ്പായതോടെ ഇവര്‍ പാപ്പരായതിന്റെ രേഖകള്‍ ഈസ്റ്റ് പോലിസില്‍ എത്തിച്ചിട്ടുണ്ട്.
കമ്പനി പാപ്പര്‍ ഹരജി നല്‍കിയതോടെ ഇവരെ വിശ്വസിച്ച് കോടികള്‍ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകരാണ് വെട്ടിലായത്. 70 വര്‍ഷമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് കുന്നത്തുകളത്തില്‍. നഗരമധ്യത്തില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ തന്നെ ഇവര്‍ക്കു കോടികള്‍ വിലയുള്ള സ്ഥലവും ജ്വല്ലറിയുമുണ്ട്. കുന്നത്തുകളത്തില്‍ ജ്വല്ലേഴ്‌സ്, കുന്നത്തുകളത്തില്‍ ബാങ്കേഴ്‌സ്, കുന്നത്തുകളത്തില്‍ ഫിനാന്‍സിയേഴ്‌സ്, കുന്നത്തുകളത്തില്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് എന്നീ സ്ഥാപനങ്ങളാണ് ഗ്രൂപ്പിനു കീഴിലുള്ളത്.
കമ്പനിയുടെ ഔദ്യോഗിക കണക്കു പ്രകാരം 50 കോടിക്കു മുകളില്‍ ചിട്ടി ഇടപാടുകള്‍ നടക്കുന്നുണ്ട്. ജില്ലയിലെ വന്‍കിടക്കാര്‍ അടക്കം ആയിരങ്ങളാണ് ഇവിടെ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങളായി കമ്പനി സാമ്പത്തിക ബാധ്യത നേരിടുന്നതായി വിവരമുണ്ടായിരുന്നെങ്കിലും സ്ഥിതി ഇത്രത്തോളം ഗുരുതരമായതായി നിക്ഷേപകര്‍ അറിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ രാവിലെ അപ്രതീക്ഷിതമായി സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്നു നിക്ഷേപകര്‍ പോലിസിനെ സമീപിച്ചെങ്കിലും സംഭവത്തെപ്പറ്റി അറിയില്ലെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. നിക്ഷേപകരുടെ പരാതി സ്വീകരിക്കാന്‍ പോലും പോലിസ് തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഇതിനിടെയാണ് ഉച്ചയോടെ വിശ്വനാഥിന്റെ അഭിഭാഷകന്‍ പാപ്പര്‍ ഹരജിയുമായി വെസ്റ്റ് സിഐയെ സമീപിച്ചത്. ഇതു സംബന്ധിച്ച് അദ്ദേഹത്തോടു ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it