Flash News

സ്ഥാനക്കയറ്റത്തിലെ സംവരണം; ഏഴംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് പട്ടികവിഭാഗ സംവരണം സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് സുപ്രിംകോടതി. വിഷയം പരിഗണിക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
സ്ഥാനക്കയറ്റത്തിലെ സംവരണത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഭരണഘടനാ ബെഞ്ച് നേരത്തേ വ്യത്യസ്ത ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ റെയില്‍വേയിലും സര്‍ക്കാര്‍ വകുപ്പുകളിലും ജീവനക്കാരുടെ നിയമനവും വിന്യാസവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ളതായി കാണിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ സംവരണത്തില്‍ നിന്ന് ഒഴിവാക്കുന്നതിലുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച 2006ലെ എം നാഗരാജ് കേസിലെ ഭരണഘടനാ ബെഞ്ച് വിധിക്കെതിരേ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി, കേസ് പരിഗണിക്കാന്‍ ഏഴംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. ആഗസ്ത് ആദ്യവാരത്തോടെ കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലികളിലെ സ്ഥാനക്കയറ്റത്തിന് പട്ടികവിഭാഗ സംവരണത്തില്‍ മേല്‍ത്തട്ട് ബാധകമല്ലെന്നായിരുന്നു 2006ലെ എം നാഗരാജ് കേസിലെ ഉത്തരവ്.
Next Story

RELATED STORIES

Share it