Articles

സ്ഥാനം കിട്ടാനും കൊണ്ടുനടക്കാനും

കണ്ണേറ്  - കണ്ണന്‍
ഒരു ജോലി കിട്ടാനോ ബുദ്ധിമുട്ട്, കിട്ടിക്കഴിഞ്ഞാല്‍ അതു കൊണ്ടുനടക്കാന്‍ അതിലേറെ ബുദ്ധിമുട്ട് എന്നു പറഞ്ഞിട്ടുണ്ട് പണ്ടൊരാള്‍. സംഭവം ശരിയാണ്, ഒരു സര്‍ക്കാര്‍ ജോലി കിട്ടാന്‍ എന്തൊക്കെ പ്രയാസങ്ങളാണുള്ളത്. പിഎസ്്‌സി പരീക്ഷയ്ക്കുള്ള കോച്ചിങ്, പരീക്ഷ, ഇന്റര്‍വ്യൂ, കോഴകൊടുക്കല്‍, കാക്കപിടിത്തം- ഇങ്ങനെ കൊല്ലങ്ങളോളം കഷ്ടപ്പെട്ടാലേ പണി ഒത്തുകിട്ടുകയുള്ളൂ. സ്റ്റാഫ് സെലക്ഷന്‍ പരീക്ഷയും ബാങ്ക് ടെസ്റ്റുമെല്ലാം അതിലേറെ പ്രയാസകരമാണ്. ഇങ്ങനെ ഒത്തിരിയൊത്തിരി കഷ്ടപ്പെട്ട് വല്ലനിലയ്ക്കും ഒരു പണി ഒപ്പിച്ചെടുത്താല്‍ അന്തസ്സായി അതുമായി ജീവിക്കാനും ചില്ലറയല്ല പാട്. ഈ പെടാപ്പാടിനെപ്പറ്റി നിങ്ങളാരാനും നമ്മുടെ ഫോര്‍മര്‍ എംപിയും ഇപ്പോള്‍ വുഡ്ബി എംപിയുമായ എം പി വീരേന്ദ്രകുമാറിനോടൊന്നു പറഞ്ഞുനോക്കൂ. പുള്ളി നിശ്ചയമായും സമ്മതിച്ചുതരും. സര്‍ക്കാര്‍ പണിയുടെ മാത്രമല്ല, എംപി സ്ഥാനത്തിന്റെയും എംഎല്‍എ, മന്ത്രി തുടങ്ങിയ പദവികളുടെയും കാര്യത്തിലും ഇത് നൂറുശതമാനം ശരിയാണെന്ന് ഉറപ്പുള്ള മാന്യദേഹമാണ് വീരേന്ദ്രകുമാര്‍ജി.
എത്ര പണിപ്പെട്ടിട്ടാണ് അദ്ദേഹം യുഡിഎഫ് നോമിനിയായി ഒരു രാജ്യസഭാ എംപി സ്ഥാനം ഒപ്പിച്ചെടുത്തത്. എല്‍ഡിഎഫില്‍ നിന്നു പുറത്തുപോരേണ്ടിവന്നതും പാലക്കാട്ട് യുഡിഎഫ് ആഭിമുഖ്യത്തില്‍ തോറ്റമ്പിയതും മനസ്സിലേല്‍പ്പിച്ച ആഘാതങ്ങളൊക്കെയും മറികടന്ന് വല്ലപാടും ഒരു എംപി സ്ഥാനം മൂപ്പര്‍ക്ക് കിട്ടി; ശരി തന്നെ. പക്ഷേ, അതു കൊണ്ടുനടക്കാന്‍ കഴിഞ്ഞോ വീരന്? നിതീഷ്‌കുമാര്‍ പണി പറ്റിച്ചുകളഞ്ഞില്ലേ? തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചിതയായ സ്ത്രീ എന്നൊക്കെ കാണാറില്ലേ പരസ്യങ്ങളില്‍, അതേപോലെ ആയിപ്പോയി ഈ ധീര വീര സോഷ്യലിസ്റ്റിന്റെ ഗതി. തന്റേതല്ലാത്ത കാരണത്താല്‍ എംപി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഘര്‍വാപസിയിലൂടെ എല്‍ഡിഎഫ് അഗ്നിശുദ്ധിവരുത്തി തിരിച്ചെടുത്തെങ്കിലും അതിനും വേണ്ടിവന്നില്ലേ ഒരുപാട് പെടാപ്പാടുകള്‍.
എംപി സ്ഥാനം കിട്ടാന്‍ വേണ്ടി കഷ്ടപ്പെട്ടതിനേക്കാളേറെ കഷ്ടപ്പെട്ടിട്ടുണ്ട് വീരന്‍ ആ സ്ഥാനം കൊണ്ടുനടക്കാന്‍. മുമ്പു സംസ്ഥാന മന്ത്രിസഭയില്‍ ഒരു സ്ഥാനം ഒപ്പിച്ചെടുത്തപ്പോഴും അതു കൊണ്ടുനടക്കാന്‍ ഈ സോഷ്യലിസ്റ്റിന് സാധിച്ചിരുന്നില്ലെന്നു നമുക്കറിയാം. അതിനാല്‍ പണികിട്ടാനും കിട്ടിയാല്‍ അതു കൊണ്ടുനടക്കാനുമുള്ള പ്രയാസത്തെപ്പറ്റി വീരേന്ദ്രകുമാറിനെപ്പോലെ ബോധ്യം വന്ന മറ്റാരുമുണ്ടാവില്ല ഭൂമിമലയാളത്തില്‍... എന്നുപറഞ്ഞങ്ങ് അവസാനിപ്പിക്കാന്‍ വരട്ടെ, തുഷാര്‍ വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയില്‍ നിന്ന് ഇപ്പറഞ്ഞതു തിരുത്താന്‍ വേണ്ടി കൈ പൊക്കുന്നുണ്ട്. എംപി സ്ഥാനം എന്ന പണി ഒപ്പിച്ചെടുക്കാനുള്ള പ്രയാസത്തെപ്പറ്റി എം പി വീരേന്ദ്രകുമാറിനേക്കാളേറെ അറിയാവുന്നതു തനിക്കാണെന്ന് തുഷാര്‍ കരളുരുകി പറയും.
എത്രകാലമായി രാജ്യസഭാ എംപി സ്ഥാനം എന്ന പുല്‍ക്കെട്ടിനു പിന്നാലെ നാക്കുനീട്ടി നുണഞ്ഞുനടക്കുന്നു താന്‍. ഇതാ ഇപ്പോ തരാം എന്ന് മോദിജിയും അമിത് ഷാജിയും പറഞ്ഞുകൊണ്ടിരിക്കുന്നു. കണ്ണടച്ച് കൈനീട്ടി നിന്നതു മാത്രം മിച്ചം. കണ്ണു തുറന്നു നോക്കിയപ്പോള്‍ തോക്കു ചൂണ്ടി നടന്ന സുരേഷ് ഗോപി അതും കൊണ്ടുപോയി. പിന്നെയും പിന്നെയും ഓരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം കാത്തുനിന്നതാണ് തുഷാര്‍ ഏറെക്കാലം. രണ്ടാമത്തെ ഊഴത്തില്‍ കണ്ണുവെട്ടിച്ചു കാര്യം നേടിയത് കണ്ണന്താനം. അതിനു ശേഷവും എല്ലാ ആത്മാഭിമാനവും നഷ്ടപ്പെടുത്തി പാടുപെട്ട് കാവിക്കൊടിയുടെ പിറകെ നടന്നത് ഇനി വരുന്ന ചാന്‍സെങ്കിലും തനിക്കായിരിക്കും എന്ന പ്രതീക്ഷയോടെയാണ്. നായരെയും ക്രിസ്ത്യാനിയെയും ആംഗ്ലോ ഇന്ത്യനെയുമൊക്കെ പരിഗണിച്ച ബിജെപി സ്വാഭാവികമായും ഈഴവനായ തന്റെ നറുക്കെടുക്കുമെന്ന് തുഷാര്‍ കരുതിയതില്‍ തെറ്റുപറയാനാവുകയുമില്ല. പക്ഷേ, അങ്ങ് തലശ്ശേരിയില്‍നിന്നൊരു തിയ്യന്‍ വന്ന് അതും കൊത്തിക്കൊണ്ടുപോയപ്പോള്‍ തുഷാറിന് ഒരുകാര്യം ഉറപ്പായിക്കിട്ടി- ഒരു രാജ്യസഭാസ്ഥാനം കിട്ടിയാല്‍ അതു കൊണ്ടുനടക്കാനല്ല, സംഗതി ഒത്തുകിട്ടാനാണ് കൂടുതല്‍ പ്രയാസം. വീരേന്ദ്രകുമാര്‍ കോളടിച്ചിരിക്കുകയാണ്. അടുത്ത ബംബര്‍ ലോട്ടറിക്ക് നിശ്ചയമായും ടിക്കറ്റെടുത്തോളൂ എന്നായിരിക്കാം ഒരുപക്ഷേ, തുഷാറിനു വീരേന്ദ്രനു നല്‍കാനുള്ള സന്ദേശം. വീരന്റേത് രാജയോഗം, തന്റേത് നിര്‍ഭാഗ്യജാതകം- അല്ലാതെന്ത്?
സത്യമായും തുഷാറിനെപ്പോലെയൊരു നിര്‍ഭാഗ്യവാന്‍ നാട്ടില്‍ വേറെയുണ്ടോ? അച്ഛന്‍ വെള്ളാപ്പള്ളി ഭാരത ജനധര്‍മ സേവാ സംഘമെന്ന ബിഡിജെഎസ് ഉണ്ടാക്കിയതു തന്നെ മകന്‍ വെള്ളാപ്പള്ളിക്ക് ഒരു പദവി തരപ്പെടുത്തിക്കൊടുക്കാനാണ്. രാജ്യസഭാ എംപി സ്ഥാനം തരമാക്കിത്തരാം എന്ന് അമിത് ഷാ വന്നു പറഞ്ഞപ്പോള്‍, അതങ്ങ് വിശ്വസിച്ചും പോയി. നമ്പൂതിരി മുതല്‍ നായാടിവരെയുള്ള എല്ലാവരെയും കൂട്ടത്തില്‍ ചേര്‍ത്തുതരാമെന്നു പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത് എംപി സ്ഥാനം മോഹിച്ചല്ലാതെ മറ്റെന്തിന്? എന്നിട്ടിപ്പോള്‍ എന്തായി? ചെങ്ങന്നൂരില്‍ കാട്ടിത്തരാമെന്നൊക്കെ പറഞ്ഞതുകൊണ്ട് ഫലമൊന്നുമില്ലെന്ന് അറിയാത്ത ആളുകളല്ല അച്ഛനും മകനും. എല്ലാം ജാതകഫലമെന്നു സമാധാനിക്കാനാണത്രേ ബിജെപിയിലെ യോഗിവര്യന്‍മാര്‍ പറയുന്നത്. മോദിജിയില്‍ വിശ്വാസമര്‍പ്പിച്ചു കാത്തിരിക്കൂ എന്ന്. ജ്യോതിഷത്തെ എതിര്‍ത്ത് ഹിന്ദുത്വരോട് യാതൊന്നും മിണ്ടിക്കൂടല്ലോ.
പിഎസ്‌സി പരീക്ഷപോലെ തന്നെയാണ് സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും. ജാതകഫലമനുസരിച്ചു കിട്ടും, കിട്ടാതിരിക്കുകയും ചെയ്യും. ഐഎഎസ് പരീക്ഷയ്ക്കും സ്വീപ്പര്‍ തസ്തികയിലേക്കും ഒരേസമയം ടെസ്റ്റെഴുതാം. ഐഎഎസ് കിട്ടിയില്ലെങ്കില്‍ തൂപ്പുകാരന്റെ പണിയെങ്കിലും കിട്ടിയെന്നുവരും. തുഷാര്‍ അതിനാല്‍ കാത്തിരിക്കുകയാണ്, എംപിയാവുന്നില്ലെങ്കില്‍ വേണ്ട അമിത് ജീ, വല്ല ബോര്‍ഡിലോ കമ്മിറ്റിയിലോ കയറ്റിത്തന്നാലും മതി. അച്ഛന്‍ വെള്ളാപ്പള്ളി എന്തെങ്കിലും പറഞ്ഞോട്ടെ, ഞാന്‍ കാവിക്കൊടിയുടെ കീഴില്‍ അടിയുറച്ചുനിന്നുകൊള്ളാം- ഇതാണ് സ്ട്രാറ്റജി. ഈ കാത്തിരിപ്പുവേളയില്‍, വെറുതെ മൂളാന്‍ കണ്ണന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് പഴയൊരു സിനിമാപ്പാട്ട് നിര്‍ദേശിച്ചുതരുന്നു- എന്തെന്ത് മോഹങ്ങളായിരുന്നു, എത്ര കിനാവുകളായിരുന്നു എന്ന പാട്ട്. അതും പാടി, ആത്മാര്‍ഥതയോടെ കാത്തിരുന്നാല്‍ മതി. ശേഷം ചിന്ത്യം.

*****

വര്‍ഗസംഘട്ടനത്തില്‍ അധിഷ്ഠിതമാണ് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം. അപ്പോള്‍ തീര്‍ച്ചയായും വേണം ഒരു വര്‍ഗശത്രു. കേരളത്തില്‍ സിപിഎമ്മിന്റെ വര്‍ഗശത്രു ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. കോണ്‍ഗ്രസ്സല്ലെങ്കില്‍ മറ്റാര്? സിപിഐയുടേതോ? അതും മറ്റൊരു കോണ്‍ഗ്രസ്സാണ്- കേരളാ കോണ്‍ഗ്രസ്. സാക്ഷാല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിനെ മാറോടണച്ചു പുല്‍കാന്‍ സദാ മാദകവ്യാമോഹമുണരുന്ന പാര്‍ട്ടിയാണ് സിപിഐ. പക്ഷേ, കേരളാ കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക്, പ്രത്യേകിച്ച് കേരളത്തിലെ പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവുമായ കാനം രാജേന്ദ്രന് ആസകലം ചൊറിഞ്ഞുവരും. അധ്വാനവര്‍ഗമാണു ഞങ്ങള്‍ എന്ന കേരളാ കോണ്‍ഗ്രസ്സിന്റെ സിദ്ധാന്തം കണ്ണടച്ച് സ്വീകരിച്ചവരാണ് സിപിഎമ്മുകാര്‍. പക്ഷേ, സിപിഐക്കാര്‍ക്ക് അധ്വാനവര്‍ഗമെന്നൊന്നും പറഞ്ഞാല്‍ തലയില്‍ കയറുകയില്ല. അവര്‍ക്ക് മാണിയും കൂട്ടരും കണ്ണിലെ കരടാണ്. കേരളത്തിലെ രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇപ്പോള്‍ ഇതു മാത്രമേയുള്ളൂ വിയോജിപ്പിന്റെ മേഖല- മാണി കൂടെ വേണോ വേണ്ടേ? അതു പരിഹരിച്ചുകഴിഞ്ഞാല്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എല്ലാം മറന്ന് ഒന്നായിക്കൊള്ളും; മുന്നണി ഘടാഘടിയനായി നിലനില്‍ക്കും. പിന്നെയുള്ളത് കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യം മാത്രമാണ്. അതൊക്കെ സഖാക്കളങ്ങ് പറഞ്ഞുതീര്‍ത്തുകൊള്ളുമെന്നേ.
സിപിഐക്ക് എന്തേ മാണി ഇത്രയ്ക്കും ചതുര്‍ഥിയായത് എന്ന് കണ്ണന്‍ ഒരുപാട് ആലോചിച്ചുനോക്കി. നാട്ടുകാര്‍ പറയും മാണി മുന്നണിക്കകത്തു കയറിയാല്‍ സിപിഐ പുറത്തുപോവേണ്ടിവരുമെന്ന്. സിപിഎം അവരെ പുകച്ചു ചാടിക്കുമെന്ന്. ആ പേടിയാണത്രേ കാനത്തിനും കൂട്ടര്‍ക്കും. പക്ഷേ, അങ്ങനെയൊന്നുമില്ല കെട്ടോ. പിന്നെ എന്താണു കഥ എന്ന് കുറേയേറെ ഓര്‍ത്തപ്പോഴാണ് സംഗതി പിടികിട്ടിയത്- പരിസ്ഥിതിയാണു വിഷയം. ബാര്‍ കോഴയോ അഴിമതിയോ പാര്‍ട്ടിക്ക് വിഷയമേയല്ല. ആണെങ്കില്‍ കെ ബാബുവിന്റെയും അടൂര്‍ പ്രകാശിന്റെയും പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ ചാരത്തണച്ചുനിര്‍ത്തുമോ അഴിമതി വിരോധത്തിന്റെ ശുഭ്രസുന്ദര പ്രതിച്ഛായയും പേറിനില്‍ക്കുന്ന സിപിഐക്കാര്‍. മാണിക്ക് വേറെയാണു ദോഷം. മാണിയുടെ പാര്‍ട്ടിക്കാരായ തോട്ടംലോബിയാണ് കാടായ കാടൊക്കെ വെട്ടിവെളുപ്പിക്കുന്നത് എന്ന് സിപിഐക്ക് നല്ല ഉറപ്പുണ്ട്. ഈ കുടിയേറ്റ കര്‍ഷകരാണ് കാട് നശിപ്പിക്കുന്നത്. അവരാണു പരിസ്ഥിതിക്ക് നാശം വരുത്തുന്നത്. അടുത്തകാലത്ത് പരിസ്ഥിതി സംരക്ഷണം തലയില്‍ കയറ്റിവച്ച സിപിഐക്കാര്‍ക്ക് ഇതു സഹിക്കുമോ? മേധാ പട്കറെ എല്ലാ വേദികളിലും എഴുന്നള്ളിച്ച് കൊണ്ടുനടക്കുന്നവരാണു പാര്‍ട്ടിക്കാര്‍. പോസ്‌കോ സമരത്തിലും പാര്‍ട്ടിയുണ്ട്. മുന്‍ വനംമന്ത്രി ബിനോയ് വിശ്വം പരിസ്ഥിതി നാശത്തെക്കുറിച്ചോര്‍ത്തു വിലപിക്കാത്ത ദിവസമില്ല. ഇപ്പോഴത്തെ വനംമന്ത്രിക്കും നാടും വീടുമല്ല, കാടും ആദിവാസികളുമാണു പ്രധാനം. അതിനാല്‍ ആതിരപ്പിള്ളി അണക്കെട്ടിനെ പാര്‍ട്ടി എന്തു വിലകൊടുത്തും എതിര്‍ക്കും. പൊന്തന്‍പുഴയിലെ കൈയേറ്റം തടയും. കമ്മ്യൂണിസ്റ്റും പരിസ്ഥിതിവാദിയും ഒന്നിച്ചേ പോകാവൂ എന്നാണ് സിപിഐയുടെ സിദ്ധാന്തം. ഇത്രയും കടുത്ത പരിസ്ഥിതിവാദികള്‍ എങ്ങനെയാണ് കാടു കൈയേറുന്നവരുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്സിനെ മുന്നണിയിലെടുക്കുക! എങ്ങനെയാണ് മാണിയുടെ നേരെ നോക്കിയിരിക്കുക! അല്ലാതെ മാണിയും കൂട്ടരും വന്നാല്‍ ഇടതു മുന്നണിയില്‍ തങ്ങള്‍ക്കുള്ള രണ്ടാംസ്ഥാനം പോവുമെന്ന ഭീതിയൊന്നും 916 മാറ്റുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐക്ക് ഇല്ല കെട്ടോ. അതൊക്കെ ചുമ്മാ പാര്‍ട്ടിവിരുദ്ധര്‍ പറഞ്ഞുണ്ടാക്കുന്നതാണ്. ഇങ്ങനെ എന്തൊക്കെ പറഞ്ഞിരിക്കുന്നു പണ്ട്. നമുക്കൊന്നേയുള്ളൂ വിഷയം- കാട് നശിക്കരുത്, ആതിരപ്പിള്ളി പദ്ധതി വരരുത്, എം എം മണി വേണ്ട, കെ എം മാണിയും വേണ്ടേ വേണ്ട.
വെറുതെയാണോ, സ്‌കൂള്‍ പിള്ളേര്‍ കാനം രാജേന്ദ്രന്‍ എന്നതിനു പകരം കാനനം രാജേന്ദ്രന്‍ എന്ന് സ്ലേറ്റില്‍ എഴുതിപ്പഠിക്കുന്നത്!

*****

ചൈനയില്‍ ഇനി ഒന്നേയുള്ളൂ നേതാവ് എന്നാണു കേള്‍ക്കുന്നത്. ആജീവനാന്തം ഷി ആയിരിക്കും നാടു ഭരിക്കുക; പാര്‍ട്ടിയും ഷി ജീവിച്ചിരിക്കുന്ന കാലത്തോളം ഷിയുടെ ചൊല്‍പ്പടിക്ക് കീഴിലായിരിക്കും.
ഇത് ജനാധിപത്യവിരുദ്ധമാണ് എന്നൊക്കെ ചില അല്‍പന്മാര്‍ പറയാറുണ്ട്. എന്തോന്ന് ജനാധിപത്യവിരുദ്ധം! ഇങ്ങനെ തന്നെയല്ലേ നമ്മുടെ നാട്ടിലും രാഷ്ട്രീയത്തിന്റെ ഗതി? പിണറായി ഉള്ളേടത്തോളം കാലം പിണറായി മാത്രമാണു നേതാവ്. അത് എഴുതിവച്ചിട്ടില്ല എന്നേയുള്ളൂ. മറ്റു പാര്‍ട്ടികളില്‍ എന്താണു സ്ഥിതി. ചൈനക്കാര്‍ സംഗതി തുറന്നുപറഞ്ഞു; അതു കടലാസില്‍ എഴുതിവയ്ക്കുകയും ചെയ്തു. നാം കാര്യം കണ്ടില്ലെന്നു നടിക്കുന്നു. അത്ര തന്നെ. ഈ ആര്‍ജവത്തിന് കണ്ണന്റെ വക ചൈനക്കാര്‍ക്ക് ഒരു റെഡ് സല്യൂട്ട്.

അവശിഷ്ടം: മുസ്‌ലിം ലീഗ് നടത്തിയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മറ്റു നേതാക്കള്‍ ഏല്‍ക്കുമെങ്കില്‍ താനും അതിനു തയ്യാറെന്ന് കെ ടി ജലീല്‍.
വെറുതെ എന്തിനാ ജലീല്‍ സാഹിബേ വേണ്ടാത്തതൊക്കെ ഏല്‍ക്കാന്‍ പോവുന്നത്? മന്ത്രിയാവാന്‍ വേണ്ടി നമ്മള്‍ ചേര്‍ന്നിട്ടുള്ള സിപിഎമ്മിന്റെ കണക്കില്‍ തന്നെയുണ്ട് ഉത്തരവാദിത്തം ഏല്‍ക്കാന്‍ എണ്ണമറ്റ കൊലക്കേസുകള്‍. അതിനിടയില്‍ ലീഗ് വക ഭാരം കൂടി വലിച്ചു തലയില്‍ കയറ്റണോ?                                                        ി
Next Story

RELATED STORIES

Share it