malappuram local

സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം

സ്വന്തം പ്രതിനിധി

മലപ്പുറം: ദേശീയപാത 66 ബിഒടി ടോള്‍ പാതയാക്കി വികസിപ്പിക്കുന്നതിനായി സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം രണ്ടാഴ്ചയ്ക്കകം പറത്തിറങ്ങും. അടുത്ത 16നകം 3എ നോട്ടിഫിക്കേഷന്‍ പുറത്തിറക്കാനാണു ദേശീയപാത അതോറിറ്റിയുടെ ശ്രമം. ഇതിനായി ജില്ലാ റവന്യൂ വിഭാഗം ഏറ്റെടുക്കന്ന സ്ഥലത്തിന്റെ പൂര്‍ണ വിവരങ്ങള്‍ ദേശീയപാത അതോറിറ്റിക്ക് കൈമറിയിട്ടുണ്ട്. പാതയ്ക്കായി ദേശീയപാത അതോറിറ്റി തയ്യാറാക്കിയ അലൈമെന്റില്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ സര്‍വേ നമ്പറടക്കമുള്ള ഭൂമിയുടെ പൂര്‍ണമായ വിവരങ്ങളാണ് മലപ്പുറം തഹസില്‍ദാര്‍ ഓഫിസില്‍ നിന്നു കൈമാറിയിട്ടുള്ളത്. വിജ്ഞാപനം പുറത്തിറക്കുന്നതിനുള്ള അവസാന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. രാമനാട്ടുകരയിലെ ഇടിമുഴിക്കല്‍ മുതല്‍ പൊന്നാനി കാപ്പിനിക്കാട് വരെ ജില്ലയിലൂടെ 76.5 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത കടന്നുപോവുന്നത്. 3എ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയാല്‍ പിന്നീട് സ്ഥമേറ്റെടുക്കലാണു നടക്കുക. ഈ നോട്ടിഫിക്കേഷനിലാവും ഏതൊക്കെ സര്‍വേ നമ്പറിലുള്ള സ്ഥമാണ് ഏറ്റെടുക്കാന്‍ പോവുന്നത് എന്ന വ്യക്തമായ വിവരമുണ്ടാവുക. നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയാല്‍ 21 ദിവസം പരാതി നല്‍കാനുള്ള സമയവും നല്‍കും. കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത ഓഫിസിലാണ് പരാതി നല്‍കേണ്ടത്. 45 മീറ്ററില്‍ വീതിയില്‍ ആറുവരിപ്പാതയിലാണ് ദേശീയപാത വികസനം നടക്കുന്നത്. ഇതിനായി 350 ഏക്കറയോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 23 വില്ലേജുകളില്‍ പെട്ട ഭൂമിയാണു ജില്ലയില്‍ ഏറ്റെടുക്കുന്നത്. ഇത് മൂന്നാം തവണയാണു സ്ഥലമേറ്റെടുക്കലിന്റെ പ്രധാനപ്പെട്ടതും അവസാനത്തെ നടപടിയുമായ 3എ നോട്ടിഫിക്കേഷന്‍ ദേശീയപാത അതോറിറ്റി പുറത്തിറക്കുന്നത്. 2009, 2011, 2013 വര്‍ഷങ്ങളില്‍ ഇതിന് മുമ്പ് 3എ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇരകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥലമേറ്റെടുക്കല്‍ നടന്നില്ല. നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയാല്‍ ഒരു വര്‍ഷത്തിനകം സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ ഈ നോട്ടിഫിക്കേഷന്‍ അസാധുവാകും. അതേസമയം, 45 മീറ്ററില്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷനാണ് ദേശീയപാത അതോറിറ്റി പുറത്തിറക്കുന്നതെങ്കില്‍ അതിനെ ശക്തമായ എതിര്‍ക്കുമെന്ന എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം തേജസിനോട് പറഞ്ഞു. 30 മീറ്ററില്‍ ദേശീയപാത വികസനം സാധ്യമാവുമെന്നിരിക്കെ 45 മീറ്ററില്‍ തന്നെ സ്ഥലമേറ്റെടുക്കണമെന്ന് പറയുന്നത് കൂടുതല്‍ ഇരകളെ സൃഷ്ടിക്കാനെ ഉപകരിക്കൂ. 30 മീറ്ററിലാവുമ്പോള്‍ അഞ്ചൂറോളം കെട്ടിടങ്ങള്‍ പോളിക്കേണ്ടി വരുമ്പോള്‍ 45 മീറ്ററിലാവുമ്പോള്‍ അയ്യായിരത്തോളം കെട്ടിടങ്ങളാണ് പൊളിക്കുക. മാത്രമല്ല, പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ഇരുപത്തിയ്യായിരത്തോളം പേരെ നേരിട്ട് ഇരകളാക്കുകയും ചെയ്യും. 45 മീറ്റര്‍ വീതിയില്‍ പാത നിര്‍മിച്ചാലെ ടോള്‍ പ്ലാസ് നിര്‍മിക്കാന്‍ പറ്റൂവെന്നാണ് നിയമം. അതിനാലാണു ദേശീയപാത അധികൃരുടെ ഈ വാശിയെന്നും എന്‍എച്ച് ആക്്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരമാണ് സ്ഥലമേറ്റെടുക്കലിലൂടെ ഇരകള്‍ക്ക് ലഭിക്കുക. മാഹി ബൈപാസിനുവേണ്ടി അഴിയൂര്‍ വില്ലേജില്‍ ഏറ്റെടുത്ത സെന്റൊന്നിന് ലക്ഷങ്ങള്‍ വിലയുള്ള ഭൂമിക്ക് വെറും 47,000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പത്ത് ശതമാനത്തില്‍ താഴെ ഭൂവുടമകളേ നഷ്ടപരിഹാരം കൈപ്പറ്റുവാന്‍ തയ്യാറായിട്ടുള്ളൂ. ഈ രീതിയില്‍ തന്നെയായിരുക്കും ജില്ലയിലും ഭൂമി ഏറ്റെടുത്താല്‍ ഇരകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം.
Next Story

RELATED STORIES

Share it