സ്ഥലംമാറ്റപ്പട്ടിക നടപ്പാക്കരുതെന്ന ഹരജികള്‍ തള്ളി

കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ് സമയപരിധിക്കകത്തുനിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ കരട് സ്ഥലംമാറ്റപ്പട്ടിക തയ്യാറാക്കി നടപ്പാക്കുന്നതെന്നും ഈ ഘട്ടത്തില്‍ പൂര്‍ണമായും പട്ടിക തള്ളിക്കളയാനാവില്ലെന്നും വ്യക്തമാക്കിയാണ് ഉത്തരവ്. അതേസമയം, പട്ടിക സംബന്ധിച്ച് നിശ്ചിത സമയപരിധിക്കകം പരാതി നല്‍കിയ അധ്യാപകരുടെ കാര്യത്തില്‍ അവരെ കൂടി കേട്ട ശേഷം മാത്രം വേണം തീര്‍പ്പുണ്ടാക്കാനെന്നും കോടതി വ്യക്തമാക്കി.
ജൂണില്‍ സര്‍ക്കാര്‍ ഇറക്കിയ സ്ഥലംമാറ്റ പട്ടിക ചോദ്യം ചെയ്ത് ഒരു വിഭാഗം അധ്യാപകര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാല്‍, ഇതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
ഒക്ടോബര്‍ 25നകം സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെ സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരിഹരിച്ച് നടപ്പാക്കാനാവുന്നവിധം റിപോര്‍ട്ട് നല്‍കാനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. മൂന്നു മാസ കാലാവധിയാണ് സമിതിക്ക് നല്‍കിയത്. സമിതിയുടെ കാലാവധി തീരാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിയുണ്ട്. ഇതിനിടെയാണ് ഒക്ടോബര്‍ 12ന് കരടു പട്ടിക പ്രസിദ്ധീകരിച്ചത്. ഇതിനെതിരേ അധ്യാപകര്‍ കെഎടിയെ സമീപിക്കുകയായിരുന്നു. അനുകൂല ഉത്തരവ് ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സമിതി റിപോര്‍ട്ട് വരാതെത്തന്നെ സ്ഥലംമാറ്റപ്പട്ടിക പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്നായിരുന്നു ഹരജിയിലെ വാദം. കംപാഷനേറ്റ്, പ്രയോറിറ്റി സ്ഥലംമാറ്റ ആനുകൂല്യത്തിന് അര്‍ഹതയുള്ളവരുടെ കാര്യത്തിലടക്കം അപാകത നിറഞ്ഞ പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, കോടതി നിര്‍ദേശപ്രകാരം ഒക്ടോബര്‍ 25നകം സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പട്ടികയും തുടര്‍നടപടികളും തടയാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പരാതി നല്‍കിയവരെ പരിഗണിച്ച് തീര്‍പ്പാക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.



Next Story

RELATED STORIES

Share it