Editorial

സ്ത്രീശാക്തീകരണം വെറും പേരുകളിലോ?

എനിക്ക് തോന്നുന്നത്  - റാഷിദ് കാനൂര്‍,  കടയ്ക്കല്‍
സ്ത്രീയെ ശാരീരികവും മാനസികവും ബുദ്ധിപരവും വൈകാരികവുമായ ഔന്നത്യത്തിലേക്ക് എത്തിക്കുന്ന ക്രമപ്രവൃദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് സ്ത്രീശാക്തീകരണം എന്നു പറയുന്നത്. അന്ധമായ പുരുഷവിരോധവും തീവ്രമായ ഫെമിനിസ്റ്റ് വാദവുമാണ് സ്ത്രീശാക്തീകരണത്തിന്റെ വഴിയെന്ന് തെറ്റിദ്ധരിച്ചുപോയ സ്ത്രീപക്ഷവാദികളാണ് സ്ത്രീത്വത്തിന്റെ ശാക്തീകരണത്തിന്റെ മുഖ്യ എതിരാളികള്‍. ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികതയ്ക്ക് നിരക്കാത്ത കാര്യങ്ങള്‍ ഫെമിനിസ്റ്റുകളുടെ കണ്ണില്‍ അറുപഴഞ്ചനാണ്.
സ്ത്രീസമൂഹം തൊഴിലിടങ്ങളിലടക്കം നേരിടുന്ന വിവേചനത്തെയും ചൂഷണത്തെയും വളരെ കൃത്യമായി പ്രതിരോധിക്കേണ്ടതുണ്ടെന്ന ഉത്തമബോധ്യത്തില്‍ നിന്നാണ് ലോകം മാര്‍ച്ച് 8 ആഗോള വനിതാ അവകാശദിനമായി ആചരിക്കുന്നത്. സ്ത്രീസമത്വം സ്ഥാപിക്കണം, ലിംഗപരമായ അവളുടെ പദവി വകവച്ചുകിട്ടണം എന്നൊക്കെ പറയുന്ന ഫെമിനിസ്റ്റുകള്‍ കോര്‍പറേറ്റുകളുമായി ചേര്‍ന്ന് സ്ത്രീസമൂഹത്തെ വഞ്ചിക്കുന്ന നീക്കങ്ങളാണ് ആധുനിക ലോകത്ത് കാണുന്നത്.
സ്ത്രീയുടെ അര്‍ധനഗ്ന ശരീരങ്ങളുടെ വിപണന സാധ്യതകള്‍ക്ക് അനുസരിച്ച് ശരീരത്തിന്റെ നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് പുരോഗമനത്തിന്റെ അടയാളമെന്ന് പലരും കരുതുന്നു. അവര്‍ പെണ്ണുടലിനെ കച്ചവടവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. പെണ്ണുടലിന്റെ ജൈവിക സവിശേഷതകള്‍ പരിഗണിക്കാതെ അവരെ സൗന്ദര്യമല്‍സരങ്ങളില്‍ അണിനിരത്തുന്നതും കോര്‍പറേറ്റുകള്‍ തന്നെ.
പരസ്പരപൂരകങ്ങളായ സ്ത്രീയും പുരുഷനും ഒരുമിക്കുമ്പോള്‍ മാത്രമേ പ്രപഞ്ചത്തിന്റെ നിലനില്‍പു തന്നെ സുസാധ്യമാവുകയുള്ളൂ. യഥാര്‍ഥത്തില്‍ സ്ത്രീസമത്വത്തിന്റെ പേരില്‍ ഒരുതരം ലിംഗവിവേചനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ബസ്സില്‍ സ്ത്രീകള്‍ ഇരിക്കുന്ന സീറ്റില്‍ പുരുഷന്‍മാര്‍ ഇരിക്കുന്നത് കുറ്റകരമാണ്. നേരെമറിച്ച് പുരുഷന്റെ സീറ്റില്‍ സ്ത്രീകള്‍ ഇരിക്കുന്നതില്‍ നിയമലംഘനമില്ലതാനും.
ഭരണഘടനാ സ്ഥാപനങ്ങളിലെ സ്ത്രീസംവരണം കൊണ്ടു മാത്രം ശാക്തീകരണം നടക്കുമോ? തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ത്രീകള്‍ മറ്റാരുടെയൊക്കെയോ പാവകളാണ് എന്നതാണ് സത്യം. ലിംഗവൈവിധ്യവും ലിംഗവ്യത്യാസവും ലിംഗപദവിയും വേറെവേറെയാണ്. ലിംഗവ്യത്യാസം ലിംഗവിവേചനം നടക്കുന്നതിന്റെ സൂചനയല്ല.
പാതിരാത്രികളില്‍ പരസ്യമായി ഒറ്റയ്ക്ക് നടക്കാനും ആരുടെയും തുണയില്ലാതെ എവിടെയും വിഹരിക്കാനും തോന്നിയതുപോലെ വസ്ത്രത്തിന്റെ നീളം കുറയ്ക്കാനുമുള്ള സ്വാതന്ത്ര്യമല്ല സ്ത്രീശാക്തീകരണം. സ്ത്രീപീഡനങ്ങള്‍ നടക്കുന്നതിനു പിന്നില്‍ ചിലപ്പോള്‍ പരിഷ്‌കൃത ലോകത്തിന്റെ അടയാളമെന്ന നിലയില്‍ പെണ്ണുടലുകളെ പ്രദര്‍ശനത്തിനു വയ്ക്കുന്ന സംഭവങ്ങള്‍ കാണും. കൂടിച്ചേര്‍ന്നുള്ള മദ്യപാനവും അത്തരം കുറ്റകൃത്യങ്ങള്‍ക്ക് കാരണമാവുന്നു.
പുരുഷകേന്ദ്രിതമായ സമൂഹഘടനയെ തകര്‍ത്തുകൊണ്ട് വിപ്ലവങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ കഴിയില്ല. അന്ധമായ പുരുഷവിരോധവും അതിരുകളില്ലാത്ത സ്ത്രീവാദവും അത്തരം ചിന്തകള്‍ ഉദ്ഭവിച്ച നാടുകളില്‍ തന്നെ പിന്നോട്ടടിച്ചുകൊണ്ടിരിക്കുന്നു.
സമൂഹത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തങ്ങളുടെ വ്യത്യസ്തമായ വ്യാപാരമണ്ഡലങ്ങളില്‍ പരസ്പര സംഘര്‍ഷമില്ലാതെ, സമൂഹത്തിന് ശ്രേയസ് ഉണ്ടാകുന്നവിധത്തില്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ടത്.
Next Story

RELATED STORIES

Share it