സ്ത്രീവിവേചനപരമായ നിയമങ്ങള്‍ ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തം

കൊച്ചി: സ്ത്രീവിവേചനപരമായ നിയമങ്ങള്‍ ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്കെതിരായ എല്ലാ വിവേചനങ്ങളും ഒഴിവാക്കുന്നതു സംബന്ധിച്ച ഐക്യരാഷ്ട്രസഭാ ഉടമ്പടി (സിഇഡിഎഡബ്ല്യൂ) 1993ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും സ്ത്രീ-പുരുഷ സമത്വം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
സ്ത്രീകളെ പാലസ് അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് ട്രസ്റ്റിയാകാന്‍ അനുവദിക്കാത്ത വലിയമ്മ തമ്പുരാന്‍ കോവിലകം എസ്‌റ്റേറ്റ് ആന്റ് ദ പാലസ് ഫണ്ട് (പാര്‍ട്ടീഷന്‍) ആക്ടിലെ നാലാം വകുപ്പിനെ ചോദ്യം ചെയ്ത് കൊച്ചിന്‍ രാജകുടുംബത്തിലെ കൊച്ചമ്മിണി തമ്പുരാന്‍, മങ്കുട്ടി തമ്പുരാന്‍ തുടങ്ങി 10 പേര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ഹരജിക്കാര്‍ ചോദ്യം ചെയ്ത വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി പ്രഖ്യാപിച്ചു. അതിനാല്‍, ഒരു മാസത്തിനകം ബോര്‍ഡ് പുനസ്സംഘടിപ്പിക്കണം. വിവേചനം അവസാനിപ്പിക്കുന്ന രീതിയില്‍ നിയമ ഭേദഗതി ലക്ഷ്യമിട്ടിരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുമ്പ് രണ്ടു തവണ ബില്ല് കൊണ്ടുവന്നെങ്കിലും ലാപ്‌സായി. കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ വാദിച്ചു. ബില്ല് ലാപ്‌സായതു തന്നെ വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു. ഹരജിക്കാരുടെ നിവേദനം പോലുമില്ലാതെ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.
ലിംഗവിവേചനം ഒഴിവാക്കേണ്ട സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന നിയമ ഭേദഗതി പ്രകാരം ഒരു സ്ത്രീ അംഗത്തിന് ബോര്‍ഡ് അംഗമാവാം. പുരുഷ അംഗം സ്ത്രീ അംഗത്തെ നാമനിര്‍ദേശം ചെയ്യണമെന്നും പറയുന്നു. ഇത് മാറ്റി രാജകുടുംബത്തിലെ അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്താല്‍ മതിയെന്നാക്കണമെ ന്നും കോടതി പറഞ്ഞു.
Next Story

RELATED STORIES

Share it