സ്ത്രീപീഡനം അന്വേഷിക്കേണ്ടതു പാര്‍ട്ടിയല്ല

അവകാശങ്ങള്‍ നിഷേധങ്ങള്‍ - അംബിക

''അത് പാര്‍ട്ടി അന്വേഷിക്കും''- കേരളത്തിലെ സിപിഎം സെക്രട്ടറിയും മറ്റ് ഉന്നത നേതാക്കളും മാധ്യമങ്ങളോടു പറയുന്ന സ്ഥിരം വാചകമാണിത്. കുറേയായി നാമിതു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. പ്രമാദമായ ലാവ്‌ലിന്‍ അഴിമതിയാരോപണം വന്നപ്പോള്‍, ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍, കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ശശിക്കെതിരേ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍- അപ്പോഴൊക്കെ നാം ഇതു കേള്‍ക്കുകയുണ്ടായി. ഇപ്പോള്‍ പാലക്കാട്ടെ സിപിഎം നേതാവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശിക്കെതിരേ വനിതാ ഡിവൈഎഫ്‌ഐ നേതാവിന്റെ ലൈംഗികാരോപണം വന്നപ്പോഴും സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് പാര്‍ട്ടി അന്വേഷിക്കുമെന്നാണ്. നിങ്ങള്‍ അന്വേഷിച്ചോളൂ. മാത്രമല്ല സഖാവേ, പാര്‍ട്ടിയില്‍ നിങ്ങള്‍ അതൊരു 'അധികയോഗ്യത'യായി കാണുന്നുണ്ടെങ്കില്‍ സ്ഥാനക്കയറ്റം കൊടുത്ത് വാഴിച്ചോളൂ. പക്ഷേ, എംഎല്‍എ പണിക്ക് ഇതെന്തായാലും അയോഗ്യതയാണ്. ഷൊര്‍ണൂര്‍ മണ്ഡലത്തിലെ സ്ത്രീകളുടെ കൂടി ജനപ്രതിനിധിയാണല്ലോ പി കെ ശശി. അതുകൊണ്ട് നാട്ടില്‍ നിലവിലുള്ള നിയമമനുസരിച്ച് അന്വേഷിച്ചു നടപടിയെടുക്കും എന്നു പറയേണ്ടത് മുഖ്യമന്ത്രിയും സ്പീക്കറും വനിതാ കമ്മീഷനും മറ്റ് നിയമസംവിധാനങ്ങളും ഭരണകൂടവുമാണ്. അല്ലാതെ പാര്‍ട്ടിയല്ല. പാര്‍ട്ടിയുടെ കാര്യം പാര്‍ട്ടിക്ക് തീരുമാനിക്കാം. പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ആഭ്യന്തരമന്ത്രിയുമാണ് എന്ന കാര്യം മറക്കരുത്. കേരള വനിതാ കമ്മീഷന്‍ നിലവില്‍ വന്നപ്പോള്‍ ''നേടിയെടുത്തു നേടിയെടുത്തു വനിതാ കമ്മീഷന്‍ നേടിയെടുത്തു, സമരങ്ങളിലൂടെ നേടിയെടുത്തു'' എന്ന് മുദ്രാവാക്യം വിളിച്ച് മണ്ണാര്‍ക്കാട് നഗരത്തിലൂടെ പ്രകടനം നടത്തിയ ഓര്‍മ ഈ കുറിപ്പെഴുതുന്ന ആള്‍ക്കുണ്ട്. ഇന്നത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷയും അതുപോലൊരു പ്രകടനം നടത്തിയിട്ടുണ്ടാവും. സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ കക്ഷിരാഷ്ട്രീയ പരിഗണനകളില്ലാതെ, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കരുത്തുറ്റ നീതിനിര്‍വഹണ സംവിധാനമായാണ് അതിനെ അന്നു കണ്ടത്. എന്നിട്ടും നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷമാരില്‍ നിന്നും അംഗങ്ങളില്‍ നിന്നും കേള്‍ക്കുകയുണ്ടായി. മാത്രമല്ല, കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറത്തേക്കു കടക്കാന്‍ വനിതാ കമ്മീഷന് പലപ്പോഴും കഴിയാറുമില്ല. സ്ത്രീപക്ഷമെന്നതിനപ്പുറം സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടിയിലെ തന്നെ ഗ്രൂപ്പിനെയും ഒക്കെ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കാന്‍, അത് എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും, കഴിയാറില്ലെന്നതാണു വാസ്തവം. ഇത്തരമൊരു സന്ദര്‍ഭത്തില്‍ ''മനുഷ്യനല്ലേ, തെറ്റുപറ്റുമെന്ന'' വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്റെ പ്രസ്താവന ഫിലോസഫി മാത്രമായി കാണാനാവില്ല. നിസ്സഹായതയുടെ ദീര്‍ഘനിശ്വാസവുമല്ല. താല്‍പര്യമുള്ളവരെ സംരക്ഷിക്കാനും അല്ലാത്തവര്‍ക്കെതിരേ മാത്രം നടപടിയെടുക്കാനുമുള്ള സംവിധാനമായി വനിതാ കമ്മീഷന്‍ മാറിയെന്ന് ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതാണ് ആ വാക്കുകള്‍. പീഡിതയായ സ്ത്രീ നേരിട്ട് പരാതി നല്‍കിയാലോ, പൊതുസ്ഥലത്ത് പീഡനവിഷയം ഉന്നയിച്ചാലോ ബാലപീഡന പരിധിയില്‍ വരുന്നതാണെങ്കിലോ മാത്രമേ കേസ് എടുക്കേണ്ടതുള്ളൂ എന്നാണ് കമ്മീഷന്റെ നിലപാട്. ഇവിടെ പരാതിക്കാരി രംഗത്തുവന്നിരിക്കുന്നു. പാര്‍ട്ടിക്കാണു പരാതി നല്‍കിയതെങ്കിലും ആ സ്ത്രീക്ക് പരാതിയുണ്ടെന്ന് ഉറപ്പ്. ആ സാഹചര്യത്തില്‍ സ്വമേധയാ കേസെടുക്കാനുള്ള നിയമപരമായ ഉത്തരവാദിത്തം വനിതാ കമ്മീഷനുണ്ട്. അതിനും പുറമേ, ജോസഫൈന്‍ കൂടി അംഗമായ പാര്‍ട്ടിയുടെ യുവജനസംഘടനയുടെ നേതാവാണ് പരാതിക്കാരിയെന്നത് കമ്മീഷന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പിന്തുണയേകി കേസുമായി മുന്നോട്ടുപോവാന്‍ പാര്‍ട്ടിബന്ധം എങ്ങനെയാണു തടസ്സമാവുന്നത്? സ്ത്രീപക്ഷ നിലപാടില്‍ കാര്യങ്ങളെ കാണാനാവാത്തവരായിരിക്കണം വനിതാ കമ്മീഷന്‍ അധ്യക്ഷമാര്‍ എന്ന അലിഖിത തത്ത്വം പാലിക്കാനായിരിക്കുമോ ജോസഫൈന്റെയും ശ്രമം? കേരളത്തിലെ പ്രമാദമായ പീഡനക്കേസുകളില്‍ ഏതെങ്കിലുമൊന്നില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാന്‍ തക്ക ഇടപെടല്‍ നടത്താന്‍ വനിതാ കമ്മീഷന് ഇന്നോളം കഴിഞ്ഞിട്ടില്ല. തീര്‍ച്ചയായും അധികാരവും പണവുമില്ലാത്ത സാധാരണക്കാരായ പ്രതികള്‍ക്കെതിരേ എന്തെങ്കിലുമൊക്കെ ചെയ്യാനായിട്ടുണ്ടാവാം. എന്നാല്‍, വമ്പന്‍മാരുടെ കാര്യത്തില്‍ കേസ് കോടതിയിലെത്തുന്നതോടെ തെളിവുകളില്ലെന്ന കാരണം പറഞ്ഞ് തള്ളിപ്പോവും. പ്രതികള്‍ പില്‍ക്കാലത്ത് ഹീറോകളാക്കപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ പറയാനുള്ളത് ഇത്രമാത്രം, ആര്‍ജവമുള്ള ഒരു അന്വേഷണവും നടപടിയും പാര്‍ട്ടിയില്‍ നിന്നല്ല, സര്‍ക്കാരില്‍ നിന്നാണു ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ി
Next Story

RELATED STORIES

Share it