kasaragod local

സ്ത്രീകള്‍ക്കായി കൂടുതല്‍ നിയമങ്ങള്‍ ഉണ്ടായത് സമൂഹത്തിന്റെ പോരായ്മ: ജസ്റ്റിസ് അനു ശിവരാമന്‍

കാസര്‍കോട്: സ്ത്രീസമത്വത്തിനുവേണ്ടി നിയമങ്ങള്‍ ഉണ്ടായതുകൊണ്ടുമാത്രം കാര്യമില്ലെന്നും  മാറ്റങ്ങളുണ്ടാകേണ്ടത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമൂഹമനസിനാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാസര്‍കോട് സബ്‌കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സ്ത്രീകളും   ഇന്ത്യന്‍ നിയമവ്യവസ്ഥയും എന്ന വിഷയത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് അനു ശിവരാമന്‍. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സമത്വവും നീതിയും ലഭിക്കുന്നുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഇത്രയധികം നിയമങ്ങളുടെ ആവശ്യമില്ല.
സ്ത്രീകള്‍ക്കുവേണ്ടി ഏതു നിയമമാണോ ഏറ്റവുമധികം ഉപയോഗിക്കുന്നത് അവിടെയാണ് നമ്മുടെ പോരായ്മ വ്യക്തമാകുന്നത്.
പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നവരാതിരുന്നതിന്റെ പിന്നില്‍ പിടിച്ചുവയ്ക്കലായിരുന്നുവോ എന്ന് നാം പരിശോധിക്കണം. അതുപോലെ മാതൃത്വത്തിന്റെ പേര് പറഞ്ഞ് ഉത്തരവാദിത്വപ്പെട്ട ജോലികളില്‍ നിന്ന് തങ്ങള്‍ മാറി നില്‍ക്കുന്നുണ്ടോയെന്നു സ്ത്രീയും ചിന്തിക്കണം.
പുരുഷനും തന്റെ ചിന്തയില്‍ മാറ്റംവരുത്തണം. സ്ത്രീ സമത്വം എന്നത് നിയമനിര്‍മിതമായ ഒരു ആശയമല്ലെന്നും ജസ്റ്റിസ് പറഞ്ഞു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരണമെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു. ജോലിയിലും മറ്റ് പൊതുയിടങ്ങളിലും സ്ത്രീപുരുഷ വ്യത്യാസമില്ല. പൊതുയിടങ്ങളിലേക്ക് നമ്മള്‍ കടന്നുചെന്നില്ലെങ്കില്‍ അവിടം മറ്റുള്ളവര്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീജ ജനാര്‍ദ്ദനന്‍ നായര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍, എന്‍മകജെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപവാണി ആര്‍ ഭട്ട്, ജില്ലാ കോടതി സീനിയര്‍ ടൈപ്പിസ്റ്റ് എ രാധാ, അഡ്വ.കെഎം ബീന, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. മണി ജി നായര്‍, അഡ്വ. പിപി ശ്യാമള ദേവി, അഡ്വ. എപി ഉഷ സംസാരിച്ചു.
Next Story

RELATED STORIES

Share it